ബാല്യകാലസഖി വായിച്ച് കരഞ്ഞ ആ കുഞ്ഞ് ബാലന്‍; തൃക്കോട്ടൂര്‍ പെരുമ ഓര്‍മയാവുബോള്‍

UA Khader

മലയാളത്തിന്റെ പ്രിയ കലാകാരന് വിട. ഏഴ് പതിറ്റാണ്ടോളം മലയാളത്തിന്റെ സംസ്‌കാരിക ഭൂമികയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാപ്രതിഭയായിരുന്നു യുഎ ഖാദര്‍. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ചിത്രകാരന്‍ അങ്ങനെ വിശേഷണങ്ങള്‍ക്ക് അതീധനായിരുന്നു ഈ ബഹുമുഖ പ്രതിഭ. രണ്ടാം ലോക മഹായുദ്ധക്കാലത്ത് പിതാവിനൊപ്പം ബര്‍മ്മയില്‍ നിന്നെത്തിയ ഏഴുവയസുകാരന്‍ പിന്നീട് മലയാള സാഹിത്യ ലോകത്ത് പകരം വെക്കാനില്ലാത്ത നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമൊക്കയായി മാറി.

ബര്‍മ്മയിലേക്ക് കച്ചവടത്തിന് പോയ മൊയ്തീന്‍ കുട്ടി ഹാജിയുടെയും ബുദ്ധമത വിശ്വാസിയായ മമൊദിയുടെയും മകനായി 1935-ല്‍ പഴയ ബര്‍മ്മയിലെ റംഗൂണിനു സമീപം ഐരാവതി നദിയോരത്തെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യുഎ ഖാദര്‍ ജനിച്ചത്. ഖാദര്‍ ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമൊദി മരണപ്പെട്ടു. പിന്നീട് അങ്ങോട്ട് കുഞ്ഞു ഖാദറിന് മാതാവും പിതാവും എല്ലാം മൊയ്തീന്‍ കുട്ടി ഹാജിയായിരുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്തെ പലായനം ഖാദര്‍ എന്ന ഏഴുവയസുകാരനെ പിതാവിനൊപ്പം കേരളത്തിലെത്തിച്ചു. പിന്നീട് പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ ഒരു മലയാളിയായി ഖാദര്‍ വളര്‍ന്നു. കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടി.

സിഎച്ച് മുഹമ്മദ് കോയ കൈയില്‍ വച്ച് കൊടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയുടെ ആദ്യ വായനാനുഭവം വളരെ വൈകാരികമായി യുഎ ഖാദര്‍ എല്ലാ വേദികളിലും സംസാരിക്കുമായിരുന്നു. വായനശാലയില്‍ അംഗമാവാനും ആന്റണ്‍ ചെകോവിന്റെയും മോപ്പസാങ്ങിന്റെയും കഥകള്‍ വായിക്കാനും സിഎച്ച് മുഹമ്മദ് കോയ ഖാദര്‍ എന്ന ബാലനെ പ്രേരിപ്പിച്ചു. വായിച്ചാല്‍ മാത്രം പോരാ, കഥകള്‍ എഴുതണമെന്ന സി.എച്ചിന്റെ ഉപദേശം കുഞ്ഞു ഖാദറിന്റെ എഴുത്തിന്റെ ലോകത്തിലേക്കുള്ള തക്കോലായി. വിവാഹസമ്മാനം എന്ന ഖാദറിന്റെ ആദ്യകഥ വാങ്ങിക്കൊണ്ടുപോയി ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചതും സി.എച്ച് ആയിരുന്നു.

ചെന്നൈയില്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എ. കൊടുങ്ങല്ലൂരിനേപ്പോലെയുള്ള എഴുത്തുകാരും സി.എച്ച്. മുഹമ്മദ് കോയയെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുമായുള്ള ബന്ധം യുഎ ഖാദര്‍ തുടര്‍ന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ചെന്നൈയില്‍ താമസിക്കുന്ന കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതല്‍ക്കൂട്ടായി. 1953 മുതല്‍ ആനുകാലികങ്ങളില്‍ കഥയെഴുതിത്തുടങ്ങി. 1956-ല്‍ നിലമ്പൂരിലെ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലി ആരംഭിച്ചു. 1957 മുതല്‍ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപര്‍. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

Story Highlights UA Khader passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top