Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-12-2020)

December 13, 2020
Google News 1 minute Read

മുഖ്യമന്ത്രിക്ക് എതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചട്ടലംഘനത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജന്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കുമെന്ന് പ്രഖ്യാപനം; മുഖ്യമന്ത്രിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍.

മുളന്തുരുത്തി പള്ളിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം; തടഞ്ഞ് പൊലീസ്

എറണാകുളം മുളന്തുരുത്തി പള്ളിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം. വിശ്വാസികളെ പള്ളിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. പള്ളിയില്‍ യാക്കോബായ സഭ മെത്രാേപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

നാളെ നിരാഹാര സമരം നടത്തുമെന്ന് കര്‍ഷക നേതാക്കള്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി ‘ഡല്‍ഹി ചലോ’ പ്രതിഷേധം അതിശക്തമാകുന്നതിനിടെ നിരാഹാര സമരവുമായി കര്‍ഷക നേതാക്കള്‍. ഡല്‍ഹി സിംഗു അതിര്‍ത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. ഇന്ന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തും.

അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കി തുടങ്ങും

അമേരിക്കയില്‍ നാളെ മുതല്‍ ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങും. വാക്‌സിന്റെ 30 ലക്ഷം ഡോസ് നാളെയാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കുക. ഇന്നലെയാണ് അമേരിക്ക വാക്സിന്‍റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രസര്‍ക്കാര്‍

കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മറുപടി തള്ളി കേന്ദ്രസര്‍ക്കാര്‍. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഹാജരാകാനാണ് രണ്ട് പേര്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുവരെയും നിലപാട് അറിയിച്ചു.

‘നാം രണ്ട് നമുക്ക് ഒന്ന്’ രാജ്യത്ത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

‘നാം രണ്ട് നമുക്ക് ഒന്ന്’ കുടുംബാസൂത്രണം ഇന്ത്യയില്‍ നിര്‍ബന്ധമാക്കില്ല. നിര്‍ബന്ധിത ജനസംഖ്യ നിയന്ത്രണം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്.

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

കര്‍ഷക പ്രക്ഷോഭം അടുത്ത ഘട്ടത്തിലേക്ക്. കര്‍ഷകര്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here