വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രചാരണം ആരംഭിച്ച് കൊട്ടാരക്കരയില്‍ ഒരു നേതാവ്

വോട്ടെടുപ്പ് അവസാനിച്ചതോടെ കൊല്ലം ജില്ലയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ അല്‍പം വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പിറ്റേദിവസം മുതല്‍ വോട്ട് ചോദിച്ചു സജീവമാകുകയാണ് കൊട്ടാരക്കരയിലെ ഒരു സിപിഐ നേതാവ്. കൊട്ടാരക്കര സ്വദേശി സജി ചേരൂരാണ് അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനായി ഇപ്പോഴേ വോട്ട് ചോദിച്ച് ഇറങ്ങുന്നത്.

സ്ഥാനാര്‍ത്ഥികളെ പോലെ അഭ്യര്‍ത്ഥനകള്‍ അച്ചടിച്ചു നല്‍കിയാണ് വോട്ട് പിടുത്തം. കൊട്ടാരക്കര നഗരസഭയിലെ തോട്ടമുക്ക് പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കാന്‍ സജിക്ക് ആഗ്രഹമുണ്ടായിരുന്നു. സീറ്റ് ലഭിക്കാഞ്ഞതോടെ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്നു. അടുത്ത തവണ സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇപ്പോഴേ പ്രചാരണവും തുടങ്ങി.

ആഗ്രഹിച്ച സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ വിമതനായി മത്സരിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിക്കെതിരെ നില്‍ക്കാന്‍ കഴിഞ്ഞ 30 വര്‍ഷമായി സിപിഐ പ്രവര്‍ത്തകനായ സജി തയ്യാറായില്ല. വാര്‍ഡില്‍ സംവരണം ആണോ എന്നറിയാന്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് നറുക്കിടുന്നത്. സംവരണം ആവില്ലെന്നും പാര്‍ട്ടിയുടെ സീറ്റ് നിര്‍ണയത്തില്‍ തനിക്ക് തന്നെ നറുക്കു വീഴും എന്ന പ്രതീക്ഷയിലുമാണ് സജി.

Story Highlights A leader in Kottarakkara started campaigning after the polls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top