ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-12-2020)

പാലാരിവട്ടം പാലം അഴിമതിക്കേസ്; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ ഉച്ചവരെ മികച്ച പോളിംഗ്. 52.5 ശതമാനം വോട്ടുകള്‍ ഉച്ചവരെ പോള്‍ ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 51.94 ശതമാനവും കണ്ണൂര്‍ ജില്ലയില്‍ 52.07 ശതമാനവും കോഴിക്കോട് ജില്ലയില്‍ 52.02 ശതമാനവും മലപ്പുറം ജില്ലയില്‍ 52.79 ശതമാനം വോട്ടും ഇതിനോടകം പോള്‍ ചെയ്തിട്ടുണ്ട്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ മുതല്‍.
മലപ്പുറം പെരുമ്പടപ്പില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറാ അഹമ്മദിന് സംഘര്‍ഷത്തില്‍ പരുക്കേറ്റു. താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തിലും സംഘര്‍ഷം ഉണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമി റഹ്മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ നിലവില്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: ആദ്യ മൂന്നുമണിക്കൂറില്‍ 20.04 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. 20.04 ശതമാനം പേരാണ് ആദ്യ മൂന്നു മണിക്കൂറുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ 20.4 ശതമാനം പേരും കണ്ണൂര്‍ ജില്ലയില്‍ 20.99 ശതമാനം പേരും കോഴിക്കോട് ജില്ലയില്‍ 20.35 ശതമാനം പേരും മലപ്പുറം ജില്ലയില്‍ 21.26 ശതമാനം പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പറഞ്ഞതില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് കൊവിഡ് ചികിത്സ തുടക്കം മുതല്‍ സൗജന്യമായുള്ളത്. അങ്ങനെ സൗജന്യമായുള്ള സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പിന്റെ പൈസ ഇങ്ങ് പോരട്ടെ എന്ന് സംസ്ഥാനം വയ്ക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും: മുഖ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ ശക്തികളും ഒന്നിച്ച് എല്‍ഡിഎഫിനെ നേരിടാന്‍ തയാറെടുക്കുകയും അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; വോട്ടെടുപ്പ് ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; മോക് പോളിംഗ് പുരോഗമിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം അല്‍പസമയത്തിനകം ആരംഭിക്കും. പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മോക് പോളിംഗില്‍ പങ്കെടുത്ത് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പോളിംഗ് സ്റ്റേഷനുകളിലുള്ളത്.
കര്‍ഷക പ്രക്ഷോഭം: രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം
കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരമിരിക്കുക. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here