ഉയര്‍ന്ന പോളിംഗ് ശതമാനം; വയനാട്ടില്‍ വിജയം ആര്‍ക്കൊപ്പം ?

Local body elections; Wayanad Expectations

മുന്നണിമാറ്റവും പ്രാദേശികവിഷയങ്ങളും പ്രധാനതെരഞ്ഞെടുപ്പ് ചര്‍ച്ചയായ വയനാട്ടിലും തെരഞ്ഞെടുപ്പ് ഫലം കാത്ത് മുന്നണികള്‍. കൂടിയ പോളിംഗ് ശതമാനം തങ്ങള്‍ക്കനുകൂലമെന്ന് മുന്നണികള്‍ പ്രതീക്ഷ പങ്കുവെക്കുമ്പോള്‍ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എല്‍ജെഡി സ്വാധീനം എല്‍ഡിഎഫിന് ഗുണം ചെയ്തോ എന്നും, പാര്‍ട്ടികളുടെ കൂടുമാറ്റം യുഡിഎഫിനെ ഏത് രീതിയില്‍ ബാധിച്ചു എന്നും വ്യക്തമാക്കുന്നതാകും വയനാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ടുകളും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും

കൊവിഡ് മഹാമാരി ഒട്ടും ആവേശം കുറയ്ക്കാത്ത പ്രചാരണത്തിനും വോട്ടെടുപ്പിനും ഒടുവില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. കൂടിയ പോളിംഗ് നില മുന്‍കാലങ്ങളിലേത് പോലെ തന്നെ തങ്ങള്‍ക്കനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് നിലനിര്‍ത്തുന്നതിനൊപ്പം മൂന്ന് മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും പിടിച്ചെടുക്കും, കൂടുതല്‍ പഞ്ചായത്തുകളില്‍ നേട്ടമുണ്ടാക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.

മുന്‍വര്‍ഷത്തേതിനേക്കാള്‍ മികച്ച മുന്നേറ്റം എല്‍ഡിഎഫ് ജില്ലയിലുണ്ടാക്കുമെന്നാണ് നേതാക്കളുടെ ഉറച്ച പ്രതീക്ഷ. ശക്തമായ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്തില്‍ വിജയം നേടാനായിരുന്നു
എല്‍ഡിഎഫിന്റെ കൊണ്ടുപിടിച്ച ശ്രമം. ഒന്‍പത് മുതല്‍ 11വരെ ഡിവിഷനുകളില്‍ വിജയം ഉറപ്പെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ അനുകൂല്യമെത്താത്ത വീടുകളില്ലെന്നാണ് ഇതിന്നാധാരമായി ബിജെപി നേതാക്കള്‍ പറയുന്നത്. നഗരസഭയിലേക്കുള്‍പ്പെടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് യുഡിഎഫിന് തിരിച്ചടിയാകാനാണ് സാധ്യത. എല്‍ജെഡി ഫാക്ടര്‍ എത്രത്തോളം എല്‍ഡിഎഫിന് ഗുണകരമായെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകും. പല പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎയും.

Story Highlights – Local body elections; Wayanad Expectations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top