Advertisement

തിരുവനന്തപുരം കോർപ്പറേഷൻ ആര് പിടിക്കും; തൂക്കു ന​ഗരസഭയ്ക്ക് സാധ്യതയോ?

December 15, 2020
Google News 1 minute Read

കേരളത്തിലെ തന്നെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം ന​ഗരസഭയിലാണ്. അതുകൊണ്ടുതന്നെ നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ജനം ഉറ്റു നോക്കുന്നതിന്റെ കൂട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനുമുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റമുണ്ടാകുമെന്ന് എൽഡിഎഫ് പറയുമ്പോൾ കോർപ്പറേഷൻ ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പറയുന്നുണ്ടങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറുമെന്നതിനപ്പുറം കാര്യമായ പ്രതീക്ഷ യുഡിഎഫിനില്ല. എന്തു തന്നെയായാലും തിരുവനന്തപുരം കോർപ്പറേഷൻ ആര് പിടിക്കുമെന്നത് പ്രവചനാതീതമാണ്.

എൽഡിഎഫോ ബിജെപിയോ; അതോ തൂക്കു ന​ഗരസഭയോ?

നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ എൽഡിഎഫ് അധികാരത്തിൽ വന്നത് ചുരുങ്ങിയ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ബിജെപിയുടെ ഇത്തവണത്തെ വേരോട്ടം എങ്ങനെയാകുമെന്നും ജനം ഉറ്റുനോക്കുന്നു. പൂജപ്പുരയിൽ നിന്ന് ന​ഗരസഭയിലേക്ക് മത്സരിച്ച ബിജെപിയുടെ വി വി രാജേഷ്, ഭരണം പിടിക്കുമെന്ന തികഞ്ഞ പ്രതീക്ഷയാണ് മുന്നോട്ടുവച്ചത്. എന്നാൽ 2015 നെ അപേക്ഷിച്ച് പോളിം​ഗ് ശതമാനത്തിൽ നേരിയ വ്യത്യാസമേ ഉള്ളൂ എന്നും വോട്ടിം​ഗ് പാറ്റേണിൽ മാറ്റമൊന്നുമില്ലെന്നുമാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷം വാര്‍ഡുകളും വിജയിക്കുമെന്നും എൽഡിഎഫ് പറയുന്നു. അതിനിടെ തൂക്കു ന​ഗരസഭയുടെ സാധ്യതയും തള്ളിക്കളയാനാകില്ല. എൽഡിഎഫും ബിജെപിയും വോട്ടുകളുടെ എണ്ണത്തിൽ തുല്യതയിൽ വന്നാൽ കോൺ​ഗ്രസ് പിന്തുണയ്ക്കേണ്ടതായി വരും. അങ്ങനെയെങ്കിൽ തിരുവനന്തപുരം, തൂക്കു ന​ഗരസഭയ്ക്ക് വഴിമാറേണ്ടിവരും.

വനിതാ സംവരണം; എൽഡിഎഫിന് ഇവിടെ ജയിച്ചേ മതിയാകൂ

തിരുവനന്തപുരം കോർപ്പറേഷനിൽ ഇത്തവണ 41 വാർഡുകളിലായിരുന്നു വനിതാ സംവരണം. അതിൽ എൽഡിഎഫ് ശക്തമായി അധികാരം ഉറപ്പിക്കുന്ന വാർഡുകളാണ് കുന്നുകുഴിയും വഞ്ചിയൂരും. നിലവിലെ ആരോ​ഗ്യ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാനായ ഐ.പി ബിനുവിന്റെ വാർഡായ കുന്നുകുഴിയിൽ, എ.ജി ഒലീനയായിരുന്നു സ്ഥാനാർത്ഥി. എൽഡിഎഫിന്റെ ജയം ഉറപ്പിച്ചാണ് കുന്നുകുഴി വാർഡ് ഒലീനയ്ക്ക് നൽകിയത്. ഇവിടെ ഒലീനയ്ക്ക് ജയിച്ചേ മതിയാകൂ. മറിച്ചായാൽ അത് രാഷ്ട്രീയമായ വിള്ളലുകൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. വഞ്ചിയൂരിൽ നിന്ന് മത്സരിച്ച, എൽഡിഎഫ് സിറ്റിം​ഗ് കൗൺസിലറുടെ മകൾ ​ഗായത്രി.എസ്.നായർക്കും വിജയം അനിവാര്യമാണ്.

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം എൽഡിഎഫിന്റേയും ബിജെപിയുടേയും അഭിമാനപ്രശ്നമാണ്. എൽഡിഎഫ്. ബിജെപി നേതാക്കൾ അവസാന നിമിഷത്തിലും തികഞ്ഞ പ്രതീക്ഷയിലാണ്. പക്ഷേ ഫലമറിയാൻ മണിക്കൂറുകൾ കൂടി കാത്തിരുന്നേ മതിയാകൂ.

Story Highlights – Local body election, Thiruvanandthapuram corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here