കന്നിയങ്കത്തില്‍ വിജയം; എന്നാലും ചാച്ചന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നിഖില പറയുന്നു

പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനിലെ കന്നിയങ്കത്തില്‍ വിജയം നേടിയെങ്കിലും നിഖിലയുടെ സന്തോഷത്തിന് പൂര്‍ണതയില്ല. ചാച്ചനും കൂടെ ഉണ്ടായിരുന്നെങ്കില്‍ നിഖില പറയുന്നു. ഒരിക്കലും മറക്കാനാകാത്ത തെരഞ്ഞെടുപ്പ് കാലമായിരുന്നു നിഖിലയ്ക്ക് ഇത്തവണത്തേത്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതിന്റെ അങ്കലാപ്പ് മാറി വരും മുന്‍പ് അച്ഛന്‍ പി.ഡി. ആന്റണി യാത്രയായി. നിഖിലയ്‌ക്കൊപ്പം പ്രചാരണത്തില്‍ സജീവമായിരിക്കെയാണ് പിഡി ആന്റണി അസുഖബാധിതനായി മരിക്കുന്നത്. അച്ഛന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിച്ചെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രചാരണം പൂര്‍ത്തിയാക്കിയ നിഖിലയെ ഇരുകൈയും നീട്ടിയാണ് നാട് സ്വീകരിച്ചത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിഖില 350 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി നാട്ടിയത്. ചാച്ചന്റെ അപ്രതീക്ഷിത വിയോഗം കാര്യമായി ബാധിച്ചെങ്കിലും ചാച്ചന്‍ എപ്പോഴും കൂടെയുണ്ടെന്നാണ് വിശ്വാസം, തന്നേക്കാള്‍ ചാച്ചനെ അറിയാവുന്ന നാട്ടുകാരാണ് ഈ വിജയം സമ്മാനിച്ചതെന്നും നിഖില ട്വന്റിഫോറിനോട് പറഞ്ഞു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരി കൂടിയാണ് നിഖില. നിഖിലക്കൊപ്പം പ്രചാരണത്തിനായി മറ്റ് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും കൂടെയുണ്ടായിരുന്നു. അച്ഛന്റെ അസാന്നിധ്യം അനുഭവപ്പെടാതിരിക്കാന്‍ വലിയ പിന്തുണയാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. സിപിഐഎം നടവയല്‍ ലോക്കല്‍ കമ്മറ്റി അംഗവും പനമരം ക്ഷീരോല്‍പ്പാത സഹകരണസംഘം ഡയറക്ടറുമായിരുന്ന നിഖിലയുടെ അച്ഛന്‍ ആന്റണി കഴിഞ്ഞതവണ അഞ്ചാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
Story Highlights – Nikhila P Antony won the local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here