തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിലും സിപിഐ നിര്‍വാഹക സമിതി എം.എന്‍. സ്മാരകത്തിലുമാണ് യോഗം ചേരുക. കോര്‍പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷന്മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഒന്നിനുപുറകെ ഒന്നായി വന്ന ആരോപണങ്ങളും തീര്‍ത്ത പ്രതിസന്ധികളെ അതിജീവിച്ചു നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിലാണ് ഇടതുപാര്‍ട്ടികള്‍. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങളെ ജനക്ഷേമ പദ്ധതികള്‍ കൊണ്ടു തടയാനായെന്നാണ് സിപിഐഎമ്മും സി പിഐയും വിലയിരുത്തുന്നത്. എങ്കിലും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ എവിടെയെങ്കിലും പിഴവുണ്ടായോ എന്നായിരിക്കും നേതൃയോഗങ്ങള്‍ പരിശോധിക്കുക.

കോണ്‍ഗ്രസിന്റെ അടിത്തറയില്‍ ഇളക്കം തട്ടിയതും, ബിജെപിയുടെ സ്വാധീനം വര്‍ധിച്ചതും ചര്‍ച്ച ചെയ്യും. കോര്‍പറേഷന്‍ മേയര്‍മാരുടെ കാര്യത്തില്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചര്‍ച്ചയുണ്ടാകും. തിരുവനന്തപുരത്ത് ജമീല ശ്രീധറിനൊപ്പം യുവ കൗണ്‍സിലറായി ഗായത്രി ബാബുവിനേയും സിപിഐഎം പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനും തിരുമുല്ലാവാരത്ത് നിന്ന് ജയിച്ച പവിത്രക്കുമാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

കൊച്ചി, കോഴിക്കോട്, തൃശൂര്‍ മേയര്‍മാരുടെ കാര്യത്തിലും യോഗം ധാരണയിലെത്തും. അതോടൊപ്പം, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ കാര്യത്തിലും തീരുമാനങ്ങളുണ്ടാകും. സിപിഐക്ക് ലഭിക്കുന്ന ഡെപ്യൂട്ടി മേയര്‍മാരുടേയും മറ്റ് സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍വാഹക സമിതിയിലുണ്ടാകുമെന്നാണ് സൂചന. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനും മുന്നണി ആലോചിക്കുന്നുണ്ട്.

Story Highlights – CPI (M) and CPI state leadership meetings today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top