Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (21-12-2020)

December 21, 2020
Google News 1 minute Read

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചിയിലെ മാളില്‍ വച്ച് യുവനടിയെ ഉപദ്രവിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ ആദിലിന്റെയും റംഷാദിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണക്ക് ശുപാര്‍ശ നല്‍കി

കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭാ യോഗം ശുപാര്‍ശ നല്‍കി. നിരാകരണ പ്രമേയ സാധ്യത പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ നടക്കുന്നത്. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ് നടക്കുക.

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്.

എം. ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. എം. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിര്‍ത്തിവച്ച് സൗദി അറേബ്യ

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

നടിയെ അപമാനിച്ച കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചിയിലെ മാളില്‍ വച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ മാപ്പ് ചോദിച്ച പ്രതികളോട് ക്ഷമിച്ചതായി നടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു. പ്രതികളുടെ കുടുംബങ്ങളുടെ വിഷമം കൂടി കണക്കിലെടുത്താണ് മാപ്പുനല്‍കുന്നുവെന്നാണ് നടിയുടെ പോസ്റ്റ്.

ഫ്‌ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരി മരിച്ച കേസ്; ഫ്‌ളാറ്റ് ഉടമയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരി വീണ് മരിച്ച കേസില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

Story Highlights – todays news headlines 21-12-2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here