സിസ്റ്റര്‍ അഭയയുടേത് കൊലപാതകമെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ സംശയം തോന്നിയിരുന്നു; പ്രൊഫ. ത്രേസ്യാമ്മ ഗ്രേസി

സിസ്റ്റര്‍ അഭയയുടേത് കൊലപാതകമെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ സംശയം തോന്നിയതായി കേസിലെ പന്ത്രണ്ടാം സാക്ഷിയും അഭയയുടെ അധ്യാപികയുമായ പ്രൊഫസര്‍ ത്രേസ്യാമ്മ ഗ്രേസി. ആത്മഹത്യ എന്ന വാദം ബിസിഎം കോളജിലെ അധ്യാപകര്‍ വിശ്വസിച്ചിരുന്നില്ല. കുടുംബം തകര്‍ക്കുമെന്ന സഭയുടെ ഭീഷണി ഭയന്നാണ് ചില സാക്ഷികള്‍ കൂറുമാറിയതെന്നും ത്രേസ്യാമ്മ ഗ്രേസി ട്വന്റിഫോറിനോട് പറഞ്ഞു.
1992 ല്‍ പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റഡി ലീവ് കാലത്താണ് അഭയയുടെ മരണമെന്ന് മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപിക ത്രേസ്യാമ്മ ഗ്രേസി ഓര്‍ത്തെടുത്തു. ക്ലാസില്‍ സൗമ്യമായി പെരുമാറിയിരുന്ന അഭയയെ അധ്യാപകരും ശ്രദ്ധിച്ചിരുന്നു. മരണ വിവരം അറിഞ്ഞ് കോണ്‍വെന്റില്‍ എത്തിയതും മൃതദേഹം കണ്ടതും പന്ത്രണ്ടാം സാക്ഷി ത്രേസ്യാമ്മ ഗ്രേസിക്ക് മറക്കാനാകില്ല. സംഭവം കൊലപാതകം ആണെന്ന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. സഭാ സ്ഥാപനം ആയിരുന്നതിനാല്‍ ആരും പ്രതികരിച്ചില്ല.
ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം വിട്ടുപോയ സാക്ഷിയിലേക്ക് സിബിഐ അവസാന കാലത്താണ് എത്തിയത്. 2019 ല്‍ കോടതിയില്‍ നേരിട്ടെത്തിയും മൊഴി നല്‍കി. ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ക്ക് സ്വഭാവദൂഷ്യം ഉണ്ടായിരുന്നു എന്ന മൊഴിയാണ് സഹപ്രവര്‍ത്തകയായ അധ്യാപിക നല്‍കിയത്. വിചാരണയ്ക്കിടെ പത്ത് സാക്ഷികള്‍ കൂറ് മാറിയത് കുടുംബം തകര്‍ക്കുമെന്ന ക്നാനായ സഭയുടെ ഭീഷണി മൂലമാണെന്ന് ത്രേസ്യാമ്മ ഗ്രേസി പറഞ്ഞു. ഇരുപത്തിയെട്ട് വര്‍ഷത്തിനിപ്പുറം കേസില്‍ വിധി പ്രസ്താവം ഉണ്ടാകുമ്പോള്‍ അഭയയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ അധ്യാപിക.
Story Highlights – Sister Abhaya murder case – Thresyama Gracie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here