അഭയ കേസ് അട്ടിമറിക്കാൻ ജ‍ഡ്ജി ഇടപെട്ടു?; വെളിപ്പെടുത്തലുമായി മുൻ എറണാകുളം സിജെഎം

അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി മുന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രഘുനാഥ്.വി.റ്റി. മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു നീക്കം. അന്നത്തെ രജിസ്ട്രാറും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ വ്യക്തിയെ മുന്‍നിര്‍ത്തിയാണ് കേസൊതുക്കാന്‍ ശ്രമം നടത്തിയെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

2006ല്‍ സിബിഐയുടെ മൂന്നാം റെഫര്‍ റിപ്പോര്‍ട്ട് പരിഗണിച്ചത് അന്നത്തെ എറണാകുളം സിജെഎം ആയിരുന്ന രഘുനാഥ് വി.റ്റി ആണ്. സിബിഐ കണ്ടെത്തലുകളില്‍ സംശയം തോന്നിയ അദ്ദേഹം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സൈറ്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഉത്തരവിറങ്ങിയതിന് പിന്നാലെ അന്നത്തെ രജിസ്ട്രാറും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ എ.വി.രാമകൃഷ്ണപിള്ള തന്നെ വിളിച്ച് നടപടി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതായി രഘുനാഥ് പറയുന്നു. ഒരു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. റിട്ട.ജസ്റ്റിസ് സിറിയക് ജോസഫ് ആണ് ഇതിന് പിന്നിലെന്ന് പിന്നീട് മാധ്യമങ്ങളിലൂടെയും മറ്റും പറഞ്ഞു കേട്ടെന്ന് രഘുനാഥ് വ്യക്തമാക്കി.

അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ തന്റെ കോടതിയില്‍ നിന്ന് ഹൈക്കോടതിയിലെ പ്രത്യേക ദൂതന്‍ വന്ന് കൊണ്ടുപോയതായി രഘുനാഥ് വ്യക്തമാക്കി. സൈറ്റ് ഇന്‍സ്പക്ഷനുള്ള തന്റെ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്വമേധയാ റദ്ദാക്കി. പിന്നാലെ തന്നെ എറണാകുളം സബ്ജഡ്ജായി ട്രാന്‍സ്ഫര്‍ ചെയ്തു. കേസിലുള്‍പ്പെട്ട ഉന്നതരുടെ സ്വാധീനം ഇതില്‍ ഉണ്ടായിരിക്കാമെന്നും രഘുനാഥ് പറഞ്ഞു.

അതേസമയം അടയ്ക്കാ രാജുവിന്റെ പേര് കേസ് തന്റെ മുന്നിലെത്തുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ സിബിഐ സംഘം കേസേറ്റെടുത്ത ശേഷമാണ് സാക്ഷിപ്പട്ടികയില്‍ അടയ്ക്കാ രാജു എത്തിയതെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഹൈക്കോടതി അഭിഭാഷകനാണ് രഘുനാഥ്.വി.റ്റി.

Story Highlights – Abhaya case, Raghunath V T

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top