‘മലയാള കവിതയുടെ മധുരം മാഞ്ഞു’; പ്രമുഖ കവയിത്രി സുഗതകുമാരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

പ്രമുഖ കവയിത്രി സുഗതകുമാരിടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ‘ അത്യന്തം വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. ‘മലയാള കവിതയുടെ മധുരം മാഞ്ഞു’ എന്നാണ് ഒറ്റവാക്കില്‍ പറയാന്‍ തോന്നുന്നത്. മധുരത്തില്‍ ചാലിച്ച പ്രകൃതിയുടെ ഈ ഉപാസക നമ്മുടെ പാരിസ്ഥിതിക ആഘാതങ്ങളുടെ ആകുലതകളെക്കുറിച്ച് എന്നും മലയാളിയെ ഓര്‍മിപ്പിച്ച ഒരു ധീരമാതാവായിരുന്നു’ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അവരുടെ കവിതയും ജീവിതവും കരുണനിറഞ്ഞ ഭാവങ്ങളും വ്യത്യസ്തമായിരുന്നില്ല. കവിതയിലെ കരുണയെ ജീവിതത്തിലേക്ക് വിന്യസിപ്പിച്ച മണ്ണില്‍നിന്ന് കാവ്യലോകത്തേക്ക് സഞ്ചരിച്ച ഒരു കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചര്‍. അവര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും എല്ലാ കാലത്തും മലയാളത്തിന്റെ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ നിലയില്‍ ഉയര്‍ന്നു നില്‍ക്കുകതന്നെ ചെയ്യും. പ്രകൃതിയോടുള്ള അനല്‍പ്പമായ അവരുടെ അവബോധം അവരുടെ സ്‌നേഹം മലയാളികളിലേക്കും പൊതുസമൂഹത്തിലേക്കും വിന്യസിപ്പിക്കുന്നതില്‍ അവര്‍ കാണിച്ച ധൈഷണിക ധീരത എല്ലാകാലത്തും ഓര്‍മിപ്പിക്കപ്പെടാവുന്ന ഒന്നുതന്നെയാണ്. പ്രണയവും കരുണയും ധീരതയും വിരഹവും പ്രകൃതിയും വേദനകളും എല്ലാം ഒരുമിപ്പിച്ച അവരുടെ കാവ്യലോകം മലയാള സാഹിത്യത്തിന്റെ ഏറ്റവും സമ്പന്നമായ സുകൃത കാലമാണ്. ആ ധീരമാതാവിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സുഗതകുമാരിടീച്ചറുടെ കുടുംബാംഗങ്ങളുടെയും ടീച്ചറെ സ്‌നേഹിക്കുന്നവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Story Highlights – Speaker P Sriramakrishnan pays homage to poetess Sugathakumari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here