പ്രകൃതിയെ ചേര്‍ത്തുപിടിച്ച വിശാല വ്യക്തിത്വം; ശക്തമായ നിലപാടുകളുള്ള കവയിത്രി

മലയാളത്തിലെ പ്രകൃതി സ്‌നേഹിയായ കവയിത്രിയായിരുന്നു സുഗത കുമാരി. കുട്ടികളെയും പ്രകൃതിയേയും സ്‌നേഹിച്ച ഹൃദയമായിരുന്നു സുഗത കുമാരിയുടെത്. പ്രകൃതിക്ക് വേണ്ടി വാദിച്ച പരിസ്ഥിതിവാദി കൂടിയായിരുന്നു കവയിത്രി. പ്രകൃതിയെ നശിപ്പിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ തന്റെ തൂലിക സുഗത കുമാരി പടവാളാക്കി.
1934 ജനുവരി 22ന് തിരുവനന്തപുരത്തായിരുന്നു സുഗത കുമാരിയുടെ ജനനം. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍. മാതാവ് വി കെ കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുഗത കുമാരി തന്റെ ജീവിതം കവിതക്കും പ്രകൃതിക്കും വേണ്ടി ഒഴിഞ്ഞുവച്ചു.
Read Also : എഴുത്തും ഇടപെടലുകളും തമ്മില്‍ വിടവില്ലാത്ത കവയിത്രി; സുഗത കുമാരിയെ ഓര്‍ത്ത് സേതു
സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ്. അഭയ ഗ്രാമം, അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്ക് വേണ്ടി പരിചരണാലയം എന്നിവയുടെ ചുക്കാന്‍ പിടിക്കാന്‍ ഇക്കാലയളവില്‍ സുഗത കുമാരിക്കായി.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘തളിര്’ മാസികയുടെ ചീഫ് എഡിറ്റര്‍, പ്രകൃതി സംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. മുത്തുച്ചിപ്പി (1961), പാതിരാപ്പൂക്കള്‍ (1967), പാവം മാനവഹൃദയം (1968), ഇരുള്‍ ചിറകുകള്‍ (1969), രാത്രിമഴ (1977), അമ്പലമണി (1981), കുറിഞ്ഞിപ്പൂക്കള്‍ (1987), തുലാവര്‍ഷപ്പച്ച (1990), രാധയെവിടെ (1995), കൃഷ്ണകവിതകള്‍ എന്നിവയാണ് പ്രധാനകൃതികള്‍. 2006ല്‍ രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. 2009ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായി. സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് പരേതനായ ഡോ. കെ. വേലായുധന്‍ നായരാണ്. മകള്‍ ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്ന ഹൃദയകുമാരി സഹോദരിയാണ്.
86ാം വയസില്‍ സുഗത കുമാരി അന്തരിച്ചത് മലയാളത്തിന് തീരാനഷ്ടമായാണ്. കൊവിഡ് ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 10.52ഓടെയായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സുഗത കുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ച സുഗത കുമാരിക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസം ഉണ്ടായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു.
Story Highlights – sugahthakumari, poet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here