Advertisement

ഗുജറാത്തിലെ രാജ്യസഭാ സീറ്റുകളില്‍ പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്

December 24, 2020
Google News 2 minutes Read

ഗുജറാത്തിലെ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളില്‍ പ്രത്യേകം പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് സ്വന്തമാക്കാന്‍ ഇതുവഴി ബിജെപിയെ സഹായിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ വര്‍ഷങ്ങളായുള്ള രീതി ഇതാണെന്നും കമ്മീഷനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയമായ പക്വത ഇല്ലായ്മ ആണെന്നും ആണ് ബിജെപിയുടെ പ്രതികരണം.

2017-ല്‍ രാജ്യം ശ്രദ്ധിക്കുന്ന വിധത്തില്‍ നടന്ന ശക്തമായ മത്സരത്തിനൊടുവിലാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭാ സീറ്റ് നേടിയത്. അമിത്ഷായുടെ തന്ത്രങ്ങള്‍ക്ക് എറ്റ കനത്ത തിരിച്ചടിയായ് ഇത് വിലയിരുത്തപ്പെട്ടു. ഈ സീറ്റാകും കോണ്‍ഗ്രസിന് രണ്ട് തവണയായി തെരഞ്ഞെടുപ്പ് നടന്നാല്‍ കൈമോശം വരിക. അഞ്ചുതവണ രാജ്യസഭാംഗമായിട്ടുള്ള അഹമ്മദ് പട്ടേല്‍ കഴിഞ്ഞമാസമാണ് അന്തരിച്ചത്. അദ്ദേഹം മരിച്ച നവംബര്‍ 25ന് തന്നെ സീറ്റില്‍ ഒഴിവുവന്നതായി പ്രഖ്യാപിച്ചിരുന്നു.

2023 ഓഗസ്റ്റ് 18 വരെ കാലാവധിയുണ്ടായിരുന്ന സീറ്റാണ് ഇത്. ബിജെപിയുടെ അഭയ് ഭരദ്വാജ് മരിച്ച സാഹചര്യത്തില്‍ ഗുജറാത്തില്‍ നിന്നുതന്നെ മറ്റൊരു രാജ്യസഭാ സീറ്റിലും ഡിസംബര്‍ ഒന്നിന് ഒഴിവ് വന്നു കഴിഞ്ഞു. ഈ രണ്ട് സീറ്റുകളിലെയും ഒഴിവ് പ്രത്യേകം പ്രത്യേകം തെരഞ്ഞെടുപ്പിലൂടെ നികത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനം. തെരഞ്ഞെടുപ്പ് രണ്ടായി നടക്കുമ്പോള്‍ ജയിക്കാന്‍ 88 വോട്ട് വേണം. രണ്ട് സീറ്റും ബിജെപിക്ക് ലഭിക്കുകയും ചെയ്‌തേക്കും. അങ്ങനെ വരുമ്പോള്‍ കണക്കുകള്‍ ബിജെപിക്ക് അനുകൂലമാകും. കോണ്‍ഗ്രസിനുള്ള അംഗബലം 65 മാത്രമാണ്. 182 അംഗ സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 111 എംഎല്‍എമാരുണ്ട്.

അമിത് ഷായും സ്മൃതി ഇറാനിയും ഒഴിഞ്ഞ രാജ്യസഭാ സീറ്റുകളില്‍ ഇതേ രീതിയില്‍ കഴിഞ്ഞവര്‍ഷം ബിജെപി വിജയിച്ചിരുന്നു. ഇതില്‍ ഒരു സീറ്റില്‍ വിജയിച്ചത് വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇതുവരെ വിധി വന്നിട്ടില്ല. രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേകം പ്രത്യേകം വിജ്ഞാപനം നല്‍കുന്നതാണ് 2009 മുതലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയെന്നാണ് ഇക്കാര്യത്തിലെ കമ്മീഷന്റെ വിശദീകരണം. കോണ്‍ഗ്രസ് ഇതിനെ അംഗികരിക്കാന്‍ തയാറല്ല. വിഷയം വലിയ രാഷ്ട്രിയപോരായി വരും ദിവസങ്ങളില്‍ മാറും എന്നതാണ് സാഹചര്യം.

Story Highlights – Congress opposes separate Rajya Sabha polls in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here