ഒരായിരം വേഷപ്പകര്‍ച്ചകള്‍ ബാക്കി നില്‍ക്കെ അനില്‍ യാത്രയായി

Anil P Nedumangad

സിനിമാ ലോകത്ത് ഒരായിരം വേഷപ്പകര്‍ച്ചകള്‍ ബാക്കിയാക്കി അനില്‍ നെടുമങ്ങാട് യാത്രയായി. ചെയ്ത വേഷങ്ങളിലത്രയും വ്യക്തിമുദ്ര പതിപ്പിച്ച നടന വിസ്മയമാണ് വിടപറഞ്ഞത്. 2020 ന്റെ തീരാനഷ്ടങ്ങളില്‍ അനിലിന്റെ പേര് കൂടി എഴുതി ചേര്‍ക്കുക മലയാള സിനിമയ്ക്ക് അത്ര എളുപ്പമാവില്ല. ടെലിവിഷന്‍ അവതാരകനായി സിനിമാ രംഗത്തെത്തിയ അനില്‍ ഇരുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു അനില്‍.

കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ പ്രതിനായകനായ സുരേന്ദ്രന്‍ ആശാന്‍, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ചിത്രത്തിലെ രാജന്‍, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് അങ്ങനെ പകര്‍ന്നാടിയ എല്ലാ വേഷങ്ങളിലും അനില്‍ എന്ന മികച്ച നടന്റെ കയ്യൊപ്പുണ്ടായിരുന്നു. തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചതെങ്കിലും 2014 ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അഭിനേതാവെന്ന നിലയില്‍ പ്രധാന വേഷം ലഭിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, അയ്യപ്പനും കോശിയും, തെളിവ്, പൊറിഞ്ചു മറിയം ജോസ്, നീര്‍മാതളം പൂത്ത കാലം
ഒരു നക്ഷത്രമുള്ള ആകാശം, ജനാധിപന്‍, നോണ്‍സെന്‍സ്, ആഭാസം, പരോള്‍, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, കല്ല്യാണം, ആമി, അയാള്‍ ശശി, സമര്‍പ്പണം, മണ്ട്രോത്തുരുത്ത്, കിസ്മത്ത്, കമ്മട്ടിപ്പാടം, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

30 മെയ് 1972 ന് അധ്യാപകനായ സി. പീതാംഭരന്‍ നായരുടെ മകനായി തിരുവനന്തപുരത്തെ നെടുമാങ്ങാടാണ് അനില്‍ ജനിച്ചത്. മഞ്ച സ്‌കൂള്‍, എംജി കോളജ് (ബിഎ മലയാളം), തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൈരളി ടിവി, ഏഷ്യാനെറ്റ് , ജയ്ഹിന്ദ് ടിവി, റിപ്പോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളില്‍ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story Highlights – Anil P Nedumangad passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top