തിരുവനന്തപുരത്തെ സഞ്ചാരികള്‍ക്ക് കൗതുകമായി കടലുകാണിപ്പാറ; ഗുഹാക്ഷേത്രവും സന്ദര്‍ശിക്കാം
തിരുവനന്തപുരത്തെത്തുന്ന സഞ്ചാരികളില്‍ വിസ്മയമായി കടലുകാണിപ്പാറ. മലമുകളില്‍ നിന്ന് നോക്കിയാല്‍ വിദൂരതയില്‍ തലസ്ഥാന ജില്ലയുടെ രണ്ട് ദിക്കുകള്‍ കാണാം. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെയാണിത്. തിരുവനന്തപുരം കാരേറ്റിന് സമീപമാണ് കടലുകാണിപ്പാറ. സംസ്ഥാന പാതയില്‍ കാരേറ്റ് നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്താണ് പ്രദേശം.
പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ മണ്ണും വിണ്ണും മുട്ടുന്ന കാഴ്ച കാണാം. ഒരു മലമുകളിലാണ് പാറക്കൂട്ടമുള്ളത്. അതിനിടയില്‍ മരങ്ങളും പേരറിയാപൂക്കളും ശലഭങ്ങളും ഉണ്ട്. അധികം സാഹസം കൂടാതെ തന്നെ പാറകളിലേക്ക് നടന്നു കയറാം. കാട്ടുവള്ളികള്‍ക്കിടയില്‍ ഉലഞ്ഞാടുന്ന ഊഞ്ഞാലുപോലെ മനസിനെ കാറ്റേല്‍ക്കാന്‍ വിടാം. താഴ്‌വരകളിലേക്ക് വെയിലിറങ്ങുന്നത് കാണാം.
Read Also : സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും മ്യൂസിയങ്ങളും ഇന്നു മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും
പാറയില്‍ നിന്ന് 50 അടി താഴ്ചയില്‍ ഗുഹാക്ഷേത്രവുമുണ്ട്. കൊടുങ്കാടായിരുന്ന കാലത്ത് പ്രതിഷ്ഠയ്ക്കടുത്ത് എത്താനായി ഗുഹയ്ക്ക് ഉള്ളിലൂടെ കടക്കണമായിരുന്നു. ശിവനാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലേക്കെത്താന്‍ ഇന്ന് പുറത്തൂടെ വഴിയുണ്ട്. സഞ്ചാരികളും വിശ്വാസികളും വന്നുപോകുന്നുമുണ്ട്. വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതകളുള്ള പ്രദേശമാണിവിടം. വ്‌ളോഗര്‍മാരൊക്കെ കടലുകാണിപ്പാറയില്‍ വന്ന് പോയിട്ടുണ്ടെങ്കിലും ഗുഹ അധികമാരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
Story Highlights – travel, kadalukanipara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here