നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്; ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ഉറപ്പിക്കാന്‍ മുസ്ലീം ലീഗ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കെ.പി.എ. മജീദും പി.വി. അബ്ദുള്‍ വഹാബും നിയമസഭയിലേക്ക് മത്സരിച്ചേക്കും. ആറിലധികം സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ല. യുവാക്കള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനും ലീഗ് തീരുമാനമുണ്ട്. ഭൂരിപക്ഷം കിട്ടിയാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെടും.
നിലവില്‍ മത്സരിക്കുന്ന 24 സീറ്റുകള്‍ക്കൊപ്പം എല്‍ജെഡി, കേരളാ കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ മത്സരിച്ചിരുന്ന സീറ്റുകളും ഇത്തവണ ലീഗ് ആവശ്യപ്പെടും. സിറ്റിംഗ് എംഎല്‍എമാരായ പി.കെ. അബ്ദുറബ്ബ്, സി. മമ്മുട്ടി, അഹമ്മദ് കബീര്‍, എം. ഉമ്മര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.സി. ഖമറുദ്ദീന്‍ എന്നിവര്‍ ഇത്തവണ മാറി നില്‍ക്കും. യുവ നേതാക്കളായ പി.കെ. ഫിറോസ്, ടി.പി. അഷ്റഫി ഉള്‍പ്പെടെയുള്ള യുവജനനേതാക്കള്‍ക്കും ഇത്തവണ സീറ്റുണ്ടാകും.
നേതാക്കളുടെ പരിചയസമ്പത്തും സ്വാധീനവും അടിസ്ഥാനമാക്കി മണ്ഡലങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. തിരൂരങ്ങാടിയില്‍ നിന്നോ മലപ്പുറത്ത് നിന്നോ ആകും കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുക. വേങ്ങരയില്‍ നിന്ന് കെ.പി.എ. മജീദ് അങ്കത്തിനിറങ്ങും. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ കൊടുവള്ളിയിലേക്ക് മാറിയേക്കും. മുനീറിന്റെ മണ്ഡലത്തില്‍ ഒരു വനിതാ മുഖത്തെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിലാകെയും കൂടുതല്‍ സീറ്റുകള്‍ ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഭൂരിപക്ഷം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും ആവശ്യപ്പെടാന്‍ ലീഗ് നീക്കമാരംഭിച്ച് കഴിഞ്ഞു. ചില യുവ നേതാക്കള്‍ക്ക് ഇതിനോടകം തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പരമാവധി സീറ്റുകള്‍ വാങ്ങിയെടുക്കുകയും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുകയുമാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ടീമിന്റെ പ്രധാന ലക്ഷ്യം.
Story Highlights – Muslim League to secure maximum seats in Assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here