Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (02-01-2020)

January 2, 2021
Google News 1 minute Read

നാവായിക്കുളത്ത് പിതാവിന്റെയും ഇളയ മകന്റെയും മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി. കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.

രാജ്യത്താകമാനം കൊവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍നടപടികളുണ്ടാകുമെന്നും വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡ്രൈ റണ്ണിന്റെ അടിസ്ഥാന വസ്തുതകള്‍ പരിശോധിക്കുമെന്നും മന്ത്രി ട്വന്റിഫോറിന് വ്യക്തമാക്കിയിരുന്നു.

രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു

രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ചു. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആയിരിക്കും ആദ്യമൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്.

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വാക്‌സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി.

കേരളത്തിലെ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈറണ്‍ ആരംഭിച്ചു

കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടക്കുന്നത്. തിരുവനന്തപുരത്ത്പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.

തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും

തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും.

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആറ് കേന്ദ്രങ്ങളില്‍

കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറണ്‍ നടക്കുക. തിരുവനന്തപുരത്ത്പേരൂര്‍ക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍.

കൊവിഡ് വാക്‌സിന്‍ വിതരണം: രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍

കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ദേശിയ ഡ്രൈ റണ്‍ നടക്കും. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍. കൊവിഷീല്‍ഡ് വാക്‌സിന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സീന്റെ കുത്തിവയ്പ്പ് രാജ്യത്ത് ബുധനാഴ്ച മുതല്‍ ആരംഭിക്കും.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കും

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ കൊവിഡ് വ്യാപനം; നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ എട്ടുമുതല്‍ പുനഃരാരംഭിക്കും

അതിവേഗം വ്യാപിക്കുന്ന ജനിതക മാറ്റം വന്ന കൊവിഡ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യയില്‍ നിന്ന് യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് ജനുവരി എട്ട് മുതല്‍ പുനഃരാരംഭിക്കും. ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യുകെ വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്.

Story Highlights – news round up, todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here