പക്ഷിപ്പനി: രോഗബാധയുണ്ടായ ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും

കോട്ടയം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊല്ലും. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ഇന്ന് രാവിലെ തുടങ്ങുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഈ ഫാമിനു പുറത്ത് കോഴിയും താറാവും ഉള്‍പ്പെടെ മൂവായിരം വളര്‍ത്തു പക്ഷികള്‍ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടതില്ലെന്ന് കളക്ടര്‍ പറഞ്ഞു.

എഴുപതു ദിവസത്തോളം പ്രായമുള്ള എണ്ണായിരം താറാവിന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്ന ഫാമിലെ 1700 താറാവുകളാണ് ഇന്നലെ വരെ ചത്തത്. ഡിസംബര്‍ 28 ന് 600 താറാവുകള്‍ ചത്തതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ 29ന് ഫാമില്‍ സന്ദര്‍ശനം നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ച ഫാമിലെ താറാവുകളെ കൊന്ന് മറവു ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ സേനകളെ നിയോഗിച്ചു. പൊലീസ്, റവന്യു, പഞ്ചായത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

Story Highlights – Bird flu kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top