ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (06-01-2021)

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും.

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർ

നെയ്യറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്.

ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി

ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ ഒന്നിലധികം മന്ത്രിപദവി ആവശ്യപ്പെടും. ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ചോദിക്കാനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. ജോസ് കെ. മാണിക്കും റോഷി അഗസ്റ്റ്യനും പുറമേ എന്‍. ജയരാജിനും ക്യാബിനറ്റ് പദവി ഉറപ്പാക്കും.

വാളയാര്‍ കേസ്; പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദ് ചെയ്തു

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. കേസില്‍ പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ഭിന്നിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു; ആരോപണവുമായി ഉമ്മന്‍ ചാണ്ടി

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ഭിന്നിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്ത് വോട്ട് കിട്ടാന്‍ രണ്ട് വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐഎം ശ്രമിക്കുന്നത്. പിണറായി വിജയന്‍ പറയുന്നത് പോലെ തനി വര്‍ഗീയത മുന്‍പാരും പറഞ്ഞിട്ടില്ലെന്നും സിപിഐഎം വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി ട്വന്റിഫോറിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം അടഞ്ഞ അധ്യായമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്ന് ജില്ലകളില്‍ വ്യാപനം രൂക്ഷം

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു. വയനാട്ടില്‍ 100 പേരില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നൂറില്‍ 11 പേര്‍ക്കും എറണാകുളത്ത് 100 ല്‍ 10 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെയുള്ള കണക്കാണിത്.

സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍ പ്രദേശ് രാജസ്ഥാന്‍ മധ്യപ്രദേശ് ഹരിയാന ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച; വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ

കേന്ദ്രസർക്കാരുമായി എട്ടാംവട്ട ചർച്ച വെള്ളിയാഴ്ച നടക്കാനിരിക്കെ, വിപുലമായ സമരപരിപാടികളുമായി കർഷക സംഘടനകൾ. ദേശ് ജാഗരൺ അഭിയാൻ എന്ന പേരിൽ രാജ്യവ്യാപക ക്യാമ്പയിന് ഇന്ന് തുടക്കമിടും. ഡൽഹിയുടെ നാല് അതിർത്തികളിൽ നാളെ ട്രാക്ടർ റാലി നടത്തും. കർഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയുടെ അതിർത്തി മേഖലകളിൽ സുരക്ഷാ സന്നാഹം വർധിപ്പിച്ചു.

Story Highlights – todays headlines, news round up

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top