പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പുമായി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചതെന്നും നിലവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജയിലില്‍ പോയിട്ടാകാമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയവേ എംഇഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ശക്തമായ എതിര്‍പ്പാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ എംഇഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയതായി ചൂണ്ടിക്കാട്ടി. ആരോഗ്യപ്രശ്നങ്ങളെന്ന് ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും ഇതും പരസ്പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ കോടതി അത് ജയിലിൽ പോയിട്ടുമാകാം എന്ന് തുറന്നടിച്ചു. നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചതെന്നും കോടതി വ്യക്തമാക്കി.

അതേസമയം ആശുപത്രിയിൽ നിന്നാണ് നോമിനേഷൻ പേപ്പറിൽ ഒപ്പിട്ടതെന്നു ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല. സർക്കാര്‍ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും വിദഗ്ധ ഡോക്ടർ മാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. ഇതോടെ കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Story Highlights – V K Ibrahim kunju

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top