വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്

vytila kundanoor flyover

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9 ന്. കിഫ്ബി ധന ലഭ്യത ഉറപ്പുവരുത്തി നിർമിച്ച ഫ്‌ളൈ ഓവറുകളാണ് ജനുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. കൊച്ചി കോര്പറേഷൻ മേയർ അഡ്വ. എം അനിൽ കുമാർ, ഹൈബി ഈഡൻ എം പി, എം സ്വരാജ് എംഎൽഎ, പി ടി തോമസ് എംഎൽഎ, ജോർജ് ഫെർണാണ്ടസ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

രണ്ട് പാലങ്ങളിലേയും ഭാരപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകളുടെ ഭാഗമായാണ് പാലങ്ങളുടെ ഭാരപരിശോധന നടത്തിയത്. ഇതേ തുടർന്നാണ് ഉദ്ഘാടന പരിപാടികൾ തീരുമാനിച്ചത്. ഈ രണ്ട് ഫ്‌ളൈ ഓവറുകളും വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് സാക്ഷാത്കരിക്കാൻ പോകുന്നത്.

2017 ഡിസംബർ 11 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. 85 .9 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയെങ്കിലും 78.36 കോടി രൂപയ്ക്കാണ് കരാർ ഒപ്പുവച്ചിരുന്നത്. 440 മീറ്റർ ദൂരമാണ് പാലത്തിനു ഉള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ മേൽപ്പാലത്തിന്റെ ആകെ നീളം 720 മീറ്റർ. ദേശിയ പാതയിൽ ആറുവരിപ്പാതയോടെയാണ് മേൽപ്പാലത്തിന്റെ രൂപരേഖ. മെട്രോ പാലവുമായി അഞ്ചര മീറ്ററിന്റെ ഉയര വ്യത്യാസമുണ്ട്. ഇന്ത്യയിൽ വാഹനങ്ങളുടെ അനുവദനീയമായ ഉയരപരിധി 4.7 മീറ്ററാണ്. ഏത് വാഹനങ്ങളും സുഗമമായി കടന്നു പോകുമെന്ന് സാരം.

Story Highlights – Vyttila, Kundannoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top