സിറാജിനെതിരായ വംശീയ അധിക്ഷേപം; അപലപിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ കാണികൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അപലപിച്ച് ക്രിക്കറ്റ് ലോകം. മുൻ ഓസീസ് താരങ്ങളായ മൈക്കൽ ഹസി, ഷെയയിൻ വോൺ, ടോം മൂഡി തുടങ്ങിയവർക്കൊപ്പം മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ തുടങ്ങിയവരും സംഭവത്തിൽ പ്രതികരിച്ചു.
നാലാം ടെസ്റ്റിനിടെ രണ്ട് തവണയാണ് സിറാജിനെതിരെ ഓസീസ് കാണികൾ വംശീയാധിക്ഷേപം നടത്തിയത്. ഇന്നലെ ബുംറയ്ക്കും സിറാജിനുമെതിരെ ഉണ്ടായ അധിക്ഷേപത്തിനെതിരെ ഇന്ത്യ മാച്ച് റഫറിയോട് പരാതിപ്പെട്ടിരുന്നു. ഇന്ന് വീണ്ടും സിറാജിനെതിരെ ഒരുകൂട്ടം കാണികൾ വംശീയ അധിക്ഷേപം നടത്തി.
ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു അധിക്ഷേപം. സിറാജിനെ അധിക്ഷേപിച്ച ആറു പേരെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി. കാണികൾക്കെതിരെ മാച്ച് ഒഫീഷ്യലുകളോട് സിറാജ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഇടപെട്ടത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെയായിരുന്നു സംഭവം. 86ആം ഓവർ പൂർത്തിയാക്കി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാനെത്തിയ സിറാജിനെയാണ് കാണികൾ അവഹേളിച്ചത്.
അതേസമയം, ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൻ്റെ അവസാന ദിവസം ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 309 റൺസാണ്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (31), രോഹിത് ശർമ്മ (52) എന്നിവരാണ് പുറത്തായത്. ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ.
Story Highlights – Cricket Fraternity Slams Spectators For Abusing Mohammed Siraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here