ന്യൂജെന്‍ കോഴ്‌സുകളില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനെ തഴഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ്

2020- 21 കാലയളവില്‍ അനുവദിച്ച ന്യൂജെന്‍ കോഴ്‌സുകളില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനെ തഴഞ്ഞ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിവിധ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലുമായി
197 ന്യൂജന്‍-എയ്ഡഡ് കോഴ്‌സുകള്‍ അനുവദിച്ചതില്‍ ഒരിടത്തുപോലും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇല്ല. സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കാനാഗ്രഹിക്കുന്ന കോഴ്‌സിനാണ് ഈ അവഗണന.
2020 -21 കാലയളവില്‍ നിരവധി കണ്‍വെന്‍ഷണല്‍ കോഴ്‌സുകള്‍ സോഷ്യല്‍ സയന്‍സില്‍ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പബ്ലിക് അഡ്മിനിസ്‌ട്രേഷനെ പൂര്‍ണമായും അവഗണിച്ചത്. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഗവേര്‍ണന്‍സ് ആന്‍ഡ് പബ്ലിക് പോളിസി തുടങ്ങി ഏറ്റവും അനിവാര്യവും കാലിക പ്രസക്തിയുള്ളതുമായ കോഴ്‌സുകള്‍ തഴയപ്പെട്ടത് കോഴ്‌സുകള്‍ അനുവദിച്ചതിലെ വീഴ്ചയാണെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also : ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ വീണ്ടും മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ്
നിരവധി പേര്‍ നെറ്റ് പാസാകുകയും പിഎച്ച് ഡി ബിരുദം നേടുകയും ചെയ്തിട്ടും കാലികപ്രസക്തിയുള്ള ഈ വിഷയത്തിന് മറ്റ് സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പഠനത്തിനും ഗവേഷണത്തിനും പരിമിതമായ അവസരങ്ങളാണ് കേരളത്തിലുള്ളത്. ഒരു യുജി കോഴ്‌സും മൂന്ന് പിജി കോഴ്‌സും മാത്രമാണ് ഈ വിഷയത്തിലുള്ളത്. പ്രശ്‌നത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നും പഠനത്തിന് ആവശ്യമായ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്.
കെഎഎസ്, ഐഎഎസ് പരീക്ഷകള്‍ക്ക് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ബിരുദ തലത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ ബിരുദ കോഴ്‌സുകള്‍ ഇല്ലാത്തതിനാല്‍ കോച്ചിംഗ് സെന്ററുകളെയാണ് പഠനത്തിനായി ആശ്രയിക്കുന്നത്.
Story Highlights – public administration, higher education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here