Advertisement

ബിജെപി ദേശീയ നേതൃത്വത്തിനെതിരെ വനിതാ നേതാക്കൾ ഒന്നിയ്ക്കുന്നു; 24 എക്സ്ക്ലൂസീവ്

January 10, 2021
Google News 2 minutes Read
Women leaders unite BJP

ബിജെപി ദേശീയ നേതൃത്വത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ വനിതാ നേതാക്കൾ ഒന്നിയ്ക്കുന്നു. തങ്ങളെ നേതൃത്വം അവഗണിയ്ക്കുന്നതിനെതിരെയാണ് വനിതാ നേതാക്കളുടെ സംഘം പാർട്ടി നേതൃത്വത്തിനെതിരെ സംഘടിയ്ക്കുന്നത്. കേരളത്തിലെ ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ ദേശിയതലത്തിൽ നേത്യത്വത്തിനെതിരായ് ഉണ്ടാകുന്ന കൂട്ടായ്മയുടെ ഭാഗമാകും എന്നാണ് വിവരം.

മാസങ്ങൾക്ക് മുൻപ് മുതിർന്ന നേതാവ് ഉമഭാരതിയാണ് ബിജെപി ദേശിയ നേത്യത്വത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പാർട്ടി പുനസംഘടന നടത്തിയപ്പോൾ തഴയപ്പെട്ടതിലായിരുന്നു അവർക്ക് പരാതി. ഇപ്പോൾ വസുന്ദരാ രാജസിന്ധ്യയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. തന്നെ മാറ്റി നിർത്തി സംസ്ഥാനത്തെ മറ്റ് നേതാക്കളുടെ യോഗം വിളിച്ച ജെപി നദ്ദയുടെ നടപടിയിലാണ് ഇവർക്ക് അതൃപ്തി.

രാജസ്ഥാൻ ബിജെപിയിൽ വസുന്ധരാ രാജേ പക്ഷം ഇന്നലെ കലാപക്കൊടി ഉയർത്തി ദേശിയ നേതൃത്വത്തെ വെല്ലുവിളിച്ചിരിയ്ക്കുകയാണ്. 2023ൽ വസുന്ധര രാജെ മുഖ്യമന്ത്രിയാകണമെന്ന മുദ്രാവാക്യം ഉയർത്തി അവരുടെ അനുയായികൾ വസുന്ധര രാജെ സമർഥക് മഞ്ച്‌ എന്ന സംഘടന രൂപീകരിച്ചു. കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങളുടെ എതിർപ്പുകൾ തള്ളിയാണ് സംഘടന യാഥാർത്ഥ്യമായത്.

ബിജെപിയുടെ പ്രധാന വനിതാ മുഖമായ പാർലമെന്റ് അംഗം മീനാക്ഷി ലേഖിയും നേതൃത്വവുമായി ശീത സമരത്തിലാണ്. സ്മൃതി ഇറാനിയെക്കാൾ സീനിയറായ തന്നെ പാർട്ടി അവഗണിയ്ക്കുന്നതിലാണ് സുപ്രിം കോടതി അഭിഭാഷക കൂടിയായ ഇവർക്ക് അതൃപ്തി. മന്ത്രിസഭാ പുനസംഘടനയിൽ സ്ഥാനം ലഭിച്ചില്ലെങ്കിൽ മീനാക്ഷി ലേഖി പരസ്യമായി രംഗത്ത് എത്തും എന്നാണ് വിവരം.

പശ്ചിമ ബംഗളിൽ നിന്നുള്ള രൂപാഗാംഗുലിയും കേന്ദ്ര നേതൃത്വത്തിനെതിരെ യുള്ള പടനീക്കങ്ങൾ ആരംഭിച്ചു. മഹാഭരതം പരമ്പരയിലെ ദ്രൗപദിയെ അവതരിപ്പിച്ച് പ്രശസ്തയായ രൂപാ ഗാംഗുലിയ്ക്ക്, തൃണമൂൽ കോൺഗ്രസ്സിൽ നിന്ന് കൂറുമാറി എത്തിയവർക്ക് കൂടുതൽ പ്രാധാന്യം ലഭിയ്ക്കുന്നതിലാണ് പരാതി. മറ്റ് സംസ്ഥാനങ്ങളും പ്രമുഖ വനിതാ നേതാക്കളിൽ ചിലർക്കും ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അമർഷമാണ് ഉള്ളത്. ഇങ്ങനെ അതൃപ്തരായവരുടെ ഒരു കൂട്ടായ്മ ഇതിനകം പരോക്ഷമായി രൂപപ്പെട്ടു എന്നാണ് ഇപ്പോഴത്തെ വിവരം.

കേരളത്തിൽ നിന്നുള്ള ശോഭാ സുരേന്ദ്രനും തനിയ്ക്ക് എതിരായ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അതൃപ്തി ഉള്ള ആളാണ്. സമാന പ്രതിഷേധമുള്ള വനിതാ നേതാക്കൾ തമ്മിലുള്ള കൂട്ടായ്മ പക്ഷേ, എങ്ങനെ ആണ് ആശയ വിനിമയം നടത്തുന്നത് എന്നതിൽ വ്യക്തതയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും മന്ത്രിസഭാ പുനസംഘടനയും കഴിയുന്നതോടെ ബിജെപിയിലെ വനിതാ സംഘം രംഗത്ത് എത്തും എന്നാണ് വിവരം.

Story Highlights – Women leaders unite against BJP national leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here