ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ അണക്കെട്ടിൽ വീണ് ഒരു മരണം

Car Google maps dead

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാറ് അണക്കെട്ടിൽ വീണ് ഒരു മരണം. മഹാരാഷ്ട്രയിലാണ് സംഭവം. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. അടുത്തുള്ള ഒരു മലയിൽ ട്രെക്കിംഗിനു പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിലാണ് അപകടം നടന്നത്. പുനെ പിംപ്രി- ചിഞ്ച്‌വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു. വാഹനം മുങ്ങുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽ നിന്ന് പുറത്തെടുത്തത്.

Read Also : ഗൂഗിൾ മാപ്പിനെ നേരിടാൻ മാപ്പിലറി സ്വന്തമാക്കി ഫേസ്ബുക്ക്

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കൽസുബായ് മലയിലേക്ക് ട്രക്കിംഗിനു പോയതാണ് ഇവർ. ഇവിടേക്കുള്ള വഴി അറിയില്ലാത്തതിനാലാണ് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്. ഗൂഗിൾ കാണിച്ച റോഡിലൂടെ യാത്ര ചെയ്ത ഇവർ കാറുമായി അണക്കെട്ടിൽ വീഴുകയായിരുന്നു.

അതേസമയം, പാലം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മഴക്കാലത്ത് പാലം മുങ്ങിയതോടെ ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. ഈ വഴിയിലൂടെയായിരുന്നു മൂവർ സംഘത്തിൻ്റെ യാത്ര. എന്നാൽ, പാലത്തിൻ്റെ അവസ്ഥ വിവരിക്കുന്ന ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല.

Story Highlights – Car follows Google maps; drowns in dam one dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top