സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ജയത്തുടക്കം; ശ്രീശാന്തിന് ഒരു വിക്കറ്റ്

mushtaq ali kerala pondichery

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ജയത്തുടക്കം. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 4 ഓവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് പോണ്ടിച്ചേരിയെ തകർത്തത്. 32 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.

7 വർഷത്തിനു ശേഷം ക്രിക്കറ്റ് മൈതാനത്തെത്തിയ ശ്രീശാന്ത് തൻ്റെ പഴയ കഴിവുകൾ എവിടെയും പോയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടാണ് പന്തെറിഞ്ഞത്. 4 ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശ്രീ മറ്റ് രണ്ട് പേസർമാരെക്കാൾ മികച്ചുനിന്നു. മികച്ച ലൈനും ലെംഗ്തും കൊണ്ട് ബാറ്റ്സ്മാന്മാരെ പരീക്ഷിച്ച താരം ഫാബിദ് അഹ്മദിനെ ബൗൾഡാക്കിയാണ് തിരിച്ചുവരവിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. മിഡിൽ സ്റ്റമ്പ് ലൈനിൽ പിച്ച് ചെയ്ത ഒരു ഔട്ട്സ്വിങർ ഓഫ് സ്റ്റമ്പ് പിഴുത് കടന്നുപോകുമ്പോൾ ആ കാഴ്ച വർഷങ്ങൾ പിന്നാക്കം കൊണ്ടുപോയി. വിക്കറ്റെടുത്തതിനു പിന്നാലെ ആനന്ദക്കണ്ണീർ ഒഴുക്കുന്ന ശ്രീശാന്തിൻ്റെ കാഴ്ച ഈ കളിയിൽ വേറിട്ടുനിൽക്കുന്നു.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് ഇന്ന് ആദ്യ മത്സരം; 7 വർഷങ്ങൾക്കു ശേഷം ശ്രീശാന്ത് ഇറങ്ങും

ഏഴാം നമ്പറിലിറങ്ങി 33 റൺസെടുത്ത അഷിത് രാജീവ് ആണ് പോണ്ടിച്ചേരിയുടെ ടോപ്പ് സ്കോറർ. ശ്രീശാന്തിനൊപ്പം കേരളത്തിനായി കെഎം ആസിഫും ഒരു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ റോബിൻ ഉത്തപ്പയും (21), മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്നിവർ ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ വേഗം നഷ്ടപ്പെട്ടത് കേരളത്തിൻ്റെ ജയം വൈകിപ്പിച്ചു. സഞ്ജു നന്നായി കളിച്ചെങ്കിലും മികച്ച ഒരു ക്യാച്ചിലൂടെ വിഗ്നേശ്വരൻ മാരിമുത്തു പുറത്താക്കുകയായിരുന്നു. സൽമാൻ നിസാർ (20), വിഷ്ണു വിനോദ് (11) എന്നിവർ ചേർന്നാണ് കേരളത്തെ വിജയത്തിലെത്തിച്ചത്. പോണ്ടിച്ചേരിയുടെ ടോപ്പ് സ്കോററായ അഷിത് രാജീവ് 3 വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങി.

Story Highlights – syed mushtaq ali trophy kerala defeated pondichery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top