ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12-01-2021)

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്തും

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ കുട്ടിയെ വീണ്ടും വൈദ്യ പരിശോധന നടത്താന്‍ പൊലീസിന്റെ തീരുമാനം. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കത്ത് നല്‍കി. അറസ്റ്റിലായ അമ്മയുടെ മൊബൈല്‍ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമുണ്ട്. തെളിവു ശേഖരണത്തിന്റെ ഭാഗമായാണ് ഈ നടപടി.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായി. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. കൊവിഡ് വാക്‌സിന്‍ എത്തുന്ന ആദ്യ ബാച്ചില്‍ കേരളം ഇല്ല. വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. കനത്ത സുരക്ഷയിലാണ് ട്രക്കുകള്‍ പുറപ്പെട്ടത്. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വാക്‌സിനുകള്‍ എത്തിക്കുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നാരംഭിക്കും

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഇന്നാരംഭിക്കും. പൂനെയില്‍ നിന്നാണ് വിവിധ ഹബുകളിലേക്കുള്ള വാക്‌സിന്‍ വിതരണം. വാക്‌സിന്‍ കുത്തിവയ്പ്പിന് രാജ്യം സജ്ജമായതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെ വാക്‌സിന്‍ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങി.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴില്‍ തര്‍ക്കം; മന്ത്രി തലത്തില്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം കൊച്ചുവേളിയിലെ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് മന്ത്രി തലത്തില്‍ ചര്‍ച്ച നടത്തും. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കമ്പനി മാനേജ്‌മെന്റ് അധികൃതരും, തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

കാര്‍ഷിക നിയമങ്ങള്‍; സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്

കാര്‍ഷിക നിയമങ്ങളില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്ന്. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു. വിദഗ്ധ സമിതിയുടെ രൂപീകരണവും കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍, സമിതിയുമായി സഹകരിക്കില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്.

Story Highlights – todays headlines 12-01-2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top