കോണ്‍ഗ്രസ് നേതാവ് എ നമശ്ശിവായത്തെ കൂട്ടി പുതുച്ചേരിയില്‍ ഭരണം പിടിക്കാന്‍ ബിജെപി

a namassivayam

കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി പുതുച്ചേരിയും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. മന്ത്രിസഭയിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെയും രണ്ടാമനായ എ നമശ്ശിവായം അടക്കമുള്ളവരാണ് ബിജെപിയില്‍ ചേരുക.

കഴിഞ്ഞ നാലര വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാനായില്ലെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നുവെന്നുമായിരുന്നു നമശ്ശിവായത്തിന്റെ മറുപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയുടെ ത്രിദിന സന്ദര്‍ശനം നടക്കുന്നതിനിടെ ഇന്ന് ഔദ്യോഗികമായി മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉള്ള രാജി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

Read Also : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും; കെ. സുരേന്ദ്രന്‍ നയിക്കും

ഈ മാസം 27ന് നമശ്ശിവായം ഡല്‍ഹിയിലെത്തി ബിജെപിയില്‍ അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി നമശ്ശിവായത്തിന് രൂക്ഷമായ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.

രാജി സൂചന നമശ്ശിവായം നല്‍കിയതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നമശ്ശിവായത്തോടൊപ്പം വലിയൊരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരും എന്നാണ് വിവരം. പുതുച്ചേരിയിലെ ആറംഗ മന്ത്രിസഭയില്‍ നമശ്ശിവായത്തിന്റെ രാജി നിര്‍ണായകമാകും.

മൂന്ന് മുതല്‍ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നമശ്ശിവായത്തിനൊപ്പം ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന. പാര്‍ട്ടിയില്‍ വലിയ സ്വാധീനമുള്ള നമശ്ശിവായം മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. 2016ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ആളായിരുന്നു നമശ്ശിവായം.

Story Highlights – bjp, puducherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top