ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (26-01-2021)

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് ഇന്ധന വില റെക്കോഡില്‍
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയില്‍ 89 രൂപയായി.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടരലക്ഷം വീടുകളുടെ പ്രഖ്യാപനം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഗ്രാമതലങ്ങളിലുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സംഘാടക സമിതികള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ബോര്‍ഡുകളും ബാനറുകളും തയാറാക്കി പ്രദര്‍ശിപ്പിക്കണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ലൈഫ് മിഷനും തുക ചെലവഴിക്കുന്നതിനു യഥേഷ്ടാനുമതി നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കുലര്‍ ഇറക്കി.
റിപ്പബ്ലിക് ദിനത്തില്‍ ചരിത്രത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍
ചരിത്രത്തിലേക്ക് ട്രാക്ടര്‍ ഓടിച്ച് കയറാന്‍ രാജ്യത്തെ കര്‍ഷകര്‍. റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ഡല്‍ഹിയിലും ഹരിയാന അതിര്‍ത്തിയിലും കൂറ്റന്‍ ട്രാക്ടര്‍ റാലി നടത്തും. പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി.
രാജ്യം ഇന്ന് 72 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും
രാജ്യം ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ല്‍ നിന്ന് 96 ആയും കുറച്ചിട്ടുണ്ട്.
59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
59 ചൈനിസ് ആപ്പുകളുടെ വിലക്ക് സ്ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടിക്ക്‌ടോക്ക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള ആപ്പുകള്‍ക്കാണ് സ്ഥിരം നിരോധനം. ഷോപ്പിംഗ് ആപ്പായ ക്ലബ് ഫാക്ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെയും വിലക്ക് സ്ഥിരമാക്കി. നേരത്തെ എര്‍പ്പെടുത്തിയ താത്കാലിക വിലക്കാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്. താത്കാലിക വിലക്ക് എര്‍പ്പെടുത്തിയ മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്ഥിരം വിലക്ക് വരും .
Story Highlights – todays headlines 26-01-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here