കർഷക സമരത്തോടുള്ള കേന്ദ്രനിലപാടിൽ പ്രതിഷേധം; യുപിയിൽ ബിജെപി എംഎൽഎ രാജിവച്ചു

ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചത്. ബിജെപിയുടെ നിലപാട് കർഷക വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന ആളാണെന്നും അദ്ദേഹം അറിയിച്ചു.
മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളിലെ എംപി കൂടിയായിരുന്ന ഭദാന പാർട്ടി പദവികളും എംഎൽഎ സ്ഥാനവും രാജിവെക്കുകയാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കർഷക സമരങ്ങളിൽ ഭദാന പിന്തുണയുമായി എത്തിയിരുന്നു.
Read Also : ‘ലക്ഷക്കണക്കിന് കർഷകരെ എനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയും?’; വിവാദങ്ങളിൽ പ്രതികരിച്ച് ദീപ് സിദ്ദു
എന്നാൽ, ഭദാനയുടെ രാജി പാർട്ടി അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു എന്നാണ് റിപ്പോർട്ട്. അദ്ദേഹവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും നേതാക്കൾ പ്രതികരിച്ചു.
അതേസമയം, കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു. ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡൽഹി റെയിൽ മെട്രോ സ്റ്റേഷൻ അറിയിച്ചു. 35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാൽ അതിനനുസരിച്ച് വിവരം അറിയിക്കുമെന്നും ഡിഎംആർസി പറഞ്ഞു. പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായതോടെയാണ് ഡൽഹി മെട്രോ അടച്ചത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Story Highlights – bjp mla quits party over farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here