Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-01-2021)

January 27, 2021
Google News 1 minute Read

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 46 പൈസയായി. ഡീസല്‍ വില ഇന്ന് 80രൂപ 67 പൈസയായി.

സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ എല്‍ഡിഎഫ് യോഗം തിരുവനന്തപുരത്ത് ഇന്നു ചേരും. എകെജി സെന്ററില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. എന്‍സിപിയിലെ തര്‍ക്കത്തില്‍ മുന്നണി നേതൃത്വത്തിന്റെ ഇടപെടലിനും യോഗം സാക്ഷ്യം വഹിച്ചേക്കാം.

ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ചര്‍ച്ച ചെയ്യും

ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ വിശദമായി ഇന്ന് ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി. കര്‍ഷകന്റെ മരണവും എഫ്‌ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടന്നേക്കും. അതേസമയം, ചെങ്കോട്ടയിലെ സുരക്ഷാ പാളിച്ച അടക്കം കാര്യങ്ങളില്‍ ഡല്‍ഹി പൊലീസിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നാണ് സൂചന.

ട്രാക്ടര്‍ റാലി; സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി

ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ട്രാക്ടര്‍ സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷകരുടെ ട്രാക്ടര്‍ സമരം അക്രമാസക്തമായെങ്കിലും സമരത്തോട് കടുത്ത സമീപനം സ്വീകരിക്കേണ്ടെന്ന് തിരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. സമരം ചെയ്യുന്ന സംഘടനകളോട് അനൗദ്യോഗിക ചര്‍ച്ചകള്‍ പ്രത്യേകം പ്രത്യേകം നടത്താനും സംഘടനകളെ സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കാനുമാകും കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.

Story Highlights – todays headlines 27-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here