നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരില്‍

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന സമിതിയോഗം ഇന്ന് തൃശൂരില്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ ചര്‍ച്ചകളും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സന്ദര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഏകദേശം ധാരണയാകും.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാപരമായ ഒരുക്കങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയം. താഴെ തട്ടിലുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തിന്റെ പരിഗണനക്ക് വരും. എക്ലാസ് മണ്ഡലങ്ങളായി ബിജെപി കണക്കാക്കുന്ന ഇടങ്ങളില്‍ സംസ്ഥാന നേതാക്കളും പൊതുസമ്മതരുമാകും മത്സര രംഗത്തിറങ്ങുക. മത്സരസാധ്യത കാണുന്ന 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയാകും.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമെന്ന നിലയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും കേന്ദ്രനിരീക്ഷകന്‍ സി.പി. രാധാകൃഷ്ണന്റെയും കേരള സന്ദര്‍ശനത്തിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന സമിതി യോഗം. ഇന്നലെ ആര്‍എസ്എസ് – ബിജെപി സംയുക്ത യോഗവും കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന കേരള യാത്രയുടെ തിയതിയില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. അതേസമയം ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുത്തേക്കില്ല.

Story Highlights – Assembly elections; BJP state committee meeting in Thrissur today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top