രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം

ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ഇന്ന് കടക്കും. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. തൃശൂരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത്.
ഇന്ത്യയ്ക്ക് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പിന്‍ബലം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വളരെ കുറവായിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൊവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ പക്ഷേ ഇന്ത്യയ്ക്ക് ഇടം ഉണ്ട്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യ നേടിയ നേട്ടം വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ട വീര്യം വെളിവാക്കുന്നു.
കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത് മികച്ച ഫെഡറല്‍ സംവിധാനവും സാങ്കേതിക വിദ്യകളും മുന്നണിപ്പോരാളികളും ജനങ്ങളുടെ ക്രിയാത്മക സഹകരണവുമാണ്. സ്വന്തം കാര്യം നോക്കിയതിന് ഉപരി മഹാമാരി കാലത്ത് 150 ഓളം രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. പൊതു പങ്കാളിത്തവും സാങ്കേതികവിദ്യയും പരീക്ഷണങ്ങളും കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി. ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം രണ്ട് കൊവിഡ് വാക്‌സിനുകളും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. വെറും 12 ദിവസത്തിനുള്ളില്‍ ഇന്ത്യ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ് നല്‍കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രായമായവര്‍ ഉള്‍പ്പടെ അടുത്ത 300 ദശലക്ഷം പേര്‍ക്കാകും പ്രതിരോധമരുന്ന് ഇന്ത്യ നല്‍കുക. രാജ്യത്തിന്റെ സാമ്പത്തിക തൊഴില്‍ മേഖലകള്‍ കൊവിഡ് ബാധിച്ച് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. സമീപ മാസങ്ങളില്‍ ഈ മേഖലയിലും ഗുണപരമായ തിരിച്ച് വരവ് രാജ്യം പ്രതിക്ഷിക്കുന്നു.
Story Highlights – Today marks one year since the first covid case was reported in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here