പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച സംഭവം; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണം പത്രത്തിൽ പരസ്യം വന്ന സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടി. കാസർഗോഡ് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ നേരത്തെ കെപിസിസി നേതൃത്വം വീക്ഷണം മാനേജ്മെൻ്റിനോട് വിശദീകരണം തേടിയിരുന്നു. പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസർഗോഡ് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വീക്ഷണം എംഡിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജെയ്സൺ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മാനേജ്മെൻ്റ് തീരുമാനം. ജെയ്സൺ ജോസഫ്, ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായതിനാൽ പിന്നിൽ ഗൂഢാലോചനയുള്ളതായി ചില ഐ ഗ്രൂപ്പ് കേന്ദ്രങ്ങൾ സംശയിച്ചിരുന്നു. എന്നാൽ അച്ചടിപ്പിശക് സംഭവിച്ചതെന്നാണ് വീക്ഷണം മാനേജ്മെൻ്റിൻ്റെ വിശദീകരണം.
Story Highlights – Ramesh chennithala, Aiswarya kerala yathra, Veekshanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here