കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഒരാഴ്ച

കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുന്നു. തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ തറച്ചു. ശൗചാലയങ്ങളിലേക്കുള്ള വഴികള്‍ പോലും പൊലീസ് അടച്ചുവയ്ക്കുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഇതുവരെ 44 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും, 128 പേരെ അറസ്റ്റ് ചെയ്തെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിലാണ് ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. പൊതുസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഒരാഴ്ചയാകുമ്പോഴും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ തയാറായിട്ടില്ല. സമരകേന്ദ്രങ്ങളില്‍ വെള്ളവും വൈദ്യുതിയും നിഷേധിച്ചു. ഈ കാര്യങ്ങളില്‍ വലിയ പ്രതിഷേധമാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധികളും വച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണം, ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണം, സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം തുടങ്ങിയ ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക റോഡ് ഉപരോധം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ തറച്ചു. ട്രാക്ടര്‍ പരേഡിനിടെ കേന്ദ്രസേനാംഗത്തെ ആക്രമിച്ചുവെന്ന് ആരോപിച്ച് ആകാശ് പ്രീത് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Story Highlights – internet – farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top