Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (08-02-2021)

February 8, 2021
Google News 1 minute Read

കാലടി സംസ്‌കൃത സർവകലാശാലയിൽ നിയമനത്തിനായി പാർട്ടി ശുപാർശ; പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി കത്തയച്ച് ഏരിയ കമ്മിറ്റി

കാലടി സംസ്‌കൃത സർവകലാശാലയിൽ നിയമത്തിനായി പാർട്ടിയുടെ ശുപാർശ. പാർട്ടി സഹയാത്രികയ്ക്ക് വേണ്ടി പറവൂർ ഏരിയ കമ്മിറ്റി, എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറിക്ക് കത്ത് നൽകി. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി നിയമനത്തിന് സഹായിക്കാനാണ് ശുപാർശ.

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരും: രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ ഇല്ലാതാക്കാൻ നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിന്റെ കരട് തയ്യാറായി. അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് എത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ ദുരന്തം: മരിച്ചവരുടെ എണ്ണം പതിനാറായി

ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനാറായി. ദൗലി ഗംഗ നദിയിൽ നിന്ന് എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രളയമുണ്ടായ ചമോലിയിൽ രക്ഷാപ്രവർത്തനം വൈകുന്നതായി വിമർശനം ഉയർന്നു. മന്ദാഗിനി നദി കരകവിഞ്ഞൊഴുകുന്നതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവനിരയ്ക്ക് പ്രാധാന്യം; പാലക്കാട് തന്നെ മത്സരിക്കാൻ ആഗ്രഹമെന്നും ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകും. ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് അനുകൂല പ്രതികരണമാണുള്ളതെന്നും ഷാഫി പറമ്പിൽ ട്വന്റിഫോറിനോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി

നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടത് മുന്നണി. ഇത്തവണ ജില്ലയില്‍ എട്ട് സീറ്റുകളാണ് സിപിഐഎം ലക്ഷ്യം വയ്ക്കുന്നത്. വിവാദങ്ങള്‍ക്ക് ഇടയിലും പൊന്നാനിയില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും തവനൂരില്‍ മന്ത്രി ഡോ.കെ.ടി. ജലീലും വീണ്ടും ജനവിധി തേടിയേക്കും. രണ്ടുതവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്ന സിപിഐഎം തീരുമാനത്തില്‍ ഇളവു ലഭിക്കുന്നവരുടെ കൂട്ടത്തില്‍ പി. ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ടേക്കും. വിജയം ഉറപ്പിക്കാനായി ഇരുവരും മണ്ഡലത്തില്‍ സജീവമായി തുടങ്ങി.

ഉത്തരാഖണ്ഡിലെ ദുരന്തം: 125 ഓളം പേരെ കണ്ടെത്താനായിട്ടില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഞ്ഞുമലയിടിഞ്ഞ് ദുരന്തം ഉണ്ടായ ഉത്തരാഖണ്ഡിലെ ചമോലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട 125 ഓളം പേരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ടണലുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചായിരുന്നു ഐടിബിപിയും ദുരന്ത നിവാരണ സേനയും രാത്രിയിലും രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

സമരം നടത്തുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കര്‍ഷക സമരത്തെ ഇതുവരെയും സര്‍ക്കാര്‍ മുന്‍ വിധിയോടെ അല്ല പരിഗണിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ കേന്ദ്രസര്‍ക്കാരിന് സമയം ഉണ്ടെന്ന കര്‍ഷ സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ ഇടത് അനുകൂല സംഘടനകള്‍ അടക്കം രംഗത്ത് എത്തി. ടിക്കായത്തിന്റെത് അല്ല തങ്ങളുടെ നിലപാട് എന്ന് വ്യക്തമാക്കിയ അവര്‍ ഉടന്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് ഉച്ചയോടെ വിധിപറയും.

Story Highlights – todays headlines 08-02-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here