നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല സജീവ വിഷയമാക്കാൻ പ്രതിപക്ഷം; പാർട്ടി നിലപാട് ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്ന് സിപിഐഎം

നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമലയെ സജീവ ചർച്ചാ വിഷയമാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിൽ മറുപടിയുമായി സിപിഐഎം. സുപ്രിംകോടതി വിശാല ബെഞ്ചിൻ്റെ വിധി വന്ന ശേഷം സാമൂഹിക സമവായത്തിന് ശ്രമിക്കുമെന്നും പാർട്ടി നിലപാടോ വീക്ഷണമോ ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും പാർട്ടി മുൻ നിലപാടിൽ വെള്ളം ചേർത്തു. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ശബരിമലയെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിൽ മുന്നണികൾക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസും ഇന്ന് രംഗപ്രവേശം ചെയ്തു.

ശബരിമല വിഷയത്തിലെ ചോദ്യങ്ങളിൽ നിന്ന് തന്ത്രപൂർവം കുതറി മാറുകയായിരുന്നു സിപിഐഎം ഇതുവരെ. എന്നാൽ
സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറാണോയെന്ന ഉമ്മൻ ചാണ്ടിയുടെ ചോദ്യത്തിന് മറുപടി പറയാൻ പാർട്ടി നിർബന്ധിതമായി. അത്തരം ചർച്ചകൾ നിലവിൽ അപ്രസക്തമെന്നും പാർട്ടി നിലപാടോ വീക്ഷണമോ ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.

ശബരിമല വിഷയത്തെ വലിച്ചിഴച്ച് തെരഞ്ഞെടുപ്പിന് നടുവിലിട്ട്, അനുകൂല സാഹചര്യം കളഞ്ഞ് കുളിക്കാൻ സിപിഐഎമ്മോ സർക്കാരോ തയാറല്ല. എന്നാൽ സർക്കാരിൻ്റെ ഇടപെടൽ സജീവമാക്കുന്നതിലാണ് പ്രതിപക്ഷത്തിൻ്റെ ഉന്നം. മറുപടി മുഖ്യമന്ത്രി പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഒരു പോലെ ആവശ്യപ്പെടുന്നതും അതിനാലാണ്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച അഞ്ചംഗ വിധിക്കെതിരെ മൂന്ന് മുന്നണികളും ഇടപെട്ടില്ലെന്ന വിമർശനവുമായി എൻഎസ്എസ് രംഗ പ്രവേശം ചെയ്തത് മുന്നണികളെ തെല്ലൊന്നുമല്ല അലട്ടാൻ പോകുന്നത്. വിഷയം വിശാല ബെഞ്ചിൻ്റെ പരിഗണനയിൽ ഇരിക്കെ വിശ്വാസികളെ രാഷ്ട്രീയലാക്കാടെ സ്വാധീനിക്കാനാണ് നീക്കമെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാരോ സത്യവാങ്മൂലം തിരുത്തി നൽകാൻ സംസ്ഥാന സർക്കാരൊ തയാറായില്ല.

പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നിയമസഭയിൽ ഇടപെടൽ നടത്താതിരുന്ന യുഡിഎഫ് അധികാരത്തിലെത്തിയാൽ നിയമം പാസാക്കും എന്ന് പറയുന്നതിന് ആത്മാർത്ഥതയില്ലെന്നും എൻഎസ്എസ് വിമർശിച്ചു. വിഷയത്തിൽ എൻഎസ്എസ് ആദ്യമായി യുഡിഎഫിനെതിരെ തിരിഞ്ഞതും ശ്രദ്ധേയമാണ്.

Story Highlights – Opposition to make Sabarimala an active issue in Assembly elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top