ലൈഫില്‍ കുരുങ്ങിയ വടക്കാഞ്ചേരി; ഇത്തവണ ആര്‍ക്കൊപ്പം?

vadakkanjeri

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ യുഡിഎഫിന് ലഭിച്ച ഏക മണ്ഡലമാണ് വടക്കാഞ്ചേരി. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ മുന്നണികള്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുളള ഒരുക്കത്തിലാണ്.

തെരഞ്ഞെടുപ്പ് ചരിത്രം

2011 വരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ എട്ട് തവണ കോണ്‍ഗ്രസും നാല് തവണ ഇടത് പക്ഷവും രണ്ട് തവണ എസ്എസ്പിയും ഒരു തവണ പിഎസ്പിയും വിജയിച്ചിട്ടുണ്ട്. 2004 ലെ ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ തോല്‍പിച്ചാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഈ മണ്ഡലം സിപിഐഎം പിടിച്ചെടുക്കുന്നത്. രണ്ട് തവണ എ സി മൊയ്തീന്‍ തുടര്‍ച്ചയായി ഇവിടെ നിന്ന് വിജയിച്ചതിന് ശേഷം 2011-ല്‍ സി എന്‍ ബാലകൃഷ്ണനിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.

2016ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ മേരി തോമസിനെ തോല്‍പിച്ച് യുഡിഎഫിലെ അനില്‍ അക്കര നിയമസഭയിലേക്ക് പോയത് വെറും 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അനില്‍ അക്കരയ്ക്ക് അന്ന് ലഭിച്ചത് 65535 വോട്ടാണ് (41.02%). എല്‍ഡിഎഫിന്റെ മേരി തോമസിന് 65432 വോട്ടും (40.99%) ബിജെപിയുടെ ഉല്ലാസ് ബാബുവിന് 26652 വോട്ടും (16.68%) ലഭിച്ചു.

സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ?

അനില്‍ അക്കരയെ തന്നെ മത്സരിപ്പിച്ച് മണ്ഡലം നിലനില്‍ത്താന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍, കഴിഞ്ഞ തെരഞ്ഞടുപ്പില്‍ പരിഗണിച്ചിരുന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് ഇത്തവണ അവസരം കൊടുക്കണമെന്നാണ് എല്‍ഡിഎഫിലെ ഒരു വിഭാഗത്തിന്റ അഭിപ്രായം. മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവരുടെ പേരും സജീവ പരിഗണനയിലുണ്ട്. ബിജെപിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബുവിനെ തന്നെയായിരിക്കും ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുക.

വിവാദങ്ങളും പ്രതീക്ഷകളും

ഇത്തവണ ലൈഫ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയിലാണ് എല്‍ഡിഎഫ്. അനാവശ്യ വിവാദം ഉണ്ടാക്കി അനില്‍ അക്കര എംഎല്‍എ പാവങ്ങളുടെ വീടില്ലാതാക്കി എന്ന പ്രചാരണം തുടരാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഇത്തവണ ലൈഫ് വിവാദം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ 16.68 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് കിട്ടിയത്. ഇത്തവണ അത് 20 ശതമാനമെങ്കിലും ആക്കി ഉയര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇത്തവണ ഇരുമുന്നണികള്‍ക്കും അഭിമാന പോരാട്ടമായിരിക്കും വടക്കാഞ്ചേരിയില്‍ എന്നത് ഉറപ്പാണ്.

Story Highlights – vadakkanjeri election history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top