തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ടിസിഎസ് ഡിജിറ്റല്‍ ഹബ്ബ്; ധാരണാപത്രം ഒപ്പിട്ടു; 20,000 പേര്‍ക്ക് അവസരം

തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റല്‍ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 5,000 പേര്‍ക്ക് ജോലി ലഭിക്കും. ആദ്യഘട്ടം 22-28 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ടിസിഎസ് ഉദ്ദേശിച്ചിട്ടുള്ളത്.

ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയും ടെക്‌നോപാര്‍ക്ക് സിഇഒ ശശി പിലാച്ചേരി മീത്തലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ടിസിഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ എന്‍ജി സുബ്രഹ്മണ്യവും ചടങ്ങില്‍ സംബന്ധിച്ചു.

കേരളത്തിന്റെ ഐടി രംഗത്ത് വലിയ മാറ്റത്തിന് ടിസിഎസിന്റെ പദ്ധതി തുടക്കമിടുമെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ വന്‍കിട കമ്പനികള്‍ പലതും അവരുടെ വികസനപദ്ധതികള്‍ മാറ്റിവെയ്ക്കുന്ന സാഹചര്യത്തിലാണ് ടിസിഎസ് കേരളത്തില്‍ മുതല്‍മുടക്കാന്‍ തയാറായത്. ഇത് അഭിനന്ദനാര്‍ഹമാണ്. ടിസിഎസിനെപോലെ ഒരു വന്‍കിട കമ്പനി കേരളത്തില്‍ വരുന്നത് ചെറുതും വലുതമായ ഒരുപാട് കമ്പനികള്‍ ഇവിടേക്ക് വരുന്നതിന് പ്രചോദനമാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

ടിസിഎസിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി ലഭ്യമാക്കും. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ വിവിധ തലങ്ങളില്‍ ആരംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റത്തിനാണ് സര്‍ക്കാര്‍ തയാറാകുന്നത്. കേരളം ആഗ്രഹിക്കുന്ന വിജ്ഞാനസമൂഹം സൃഷ്ടിക്കുന്നതിന് ടിസിഎസിന്റെ ഈ പദ്ധതി സഹായകരമാകും.

എയ്‌റോസ്‌പെയ്‌സ്, പ്രതിരോധം, നിര്‍മാണം എന്നീ മേഖലകള്‍ക്കാവശ്യമായ നൂതന സാങ്കേതികവിദ്യകള്‍ പ്രദാനം ചെയ്യുന്ന പദ്ധതിയാണ് ടിസിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. റൊബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിംഗ്, ഡാറ്റ അനലറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലൂന്നി ഉത്പന്നങ്ങളുടെ വികസനവും അതുമായി ബന്ധപ്പെട്ട സേവനവുമാണ് ഇതില്‍ പ്രധാനം.

ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി ഒരു ഇന്‍ക്യൂബേറ്റര്‍ സെന്റര്‍ സ്ഥാപിക്കാനും ടിസിഎസ് ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിയെടുക്കുന്നതിലും അവയെ പ്രോത്സാഹിപ്പിക്കുന്നതിലും കേരളത്തിന് മികച്ച സ്ഥാനമാണുള്ളത്. ടിസിഎസ് തുടങ്ങുന്ന ഇന്‍ക്യൂബേറ്റര്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയാവുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ടിസിഎസിന്റെ ഐടി ഹബ്ബ് പദ്ധതിക്ക് മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് എന്‍.ജി.സുബ്രഹ്മണ്യം നന്ദി പറഞ്ഞു. കേരളത്തിന് ഏറ്റവും അഭിമാനിക്കാവുന്ന പദ്ധതിയായി ഇതിനെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ആദ്യഘട്ടത്തിന്റെ നിര്‍മാണം ഉടനെ ആരംഭിക്കും. നിശ്ചിത സമയത്തിനു മുമ്പ് തന്നെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയും. കേരളത്തിലെ പദ്ധതി കമ്പനിതലത്തില്‍ പ്രഖ്യാപിച്ചപ്പോള്‍ ടിസിഎസിലെ മലയാളികളായ ഐടി പ്രൊഫഷണലുകളില്‍ നിന്ന് വലിയ പ്രോത്സാഹനമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പുതിയ പുതിയ ആശയങ്ങളുമായി അവര്‍ മുന്നോട്ടുവന്നു. കമ്പനിക്കു തന്നെ ഇത് വലിയ പ്രചോദനം നല്‍കിയെന്നും സുബ്രഹ്മണ്യം അറിയിച്ചു

Story Highlights – TCS Digital Hub at Thiruvananthapuram; MoU signed; Opportunity for 20000 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top