ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (20.02.2021)
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; മന്ത്രി ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇഎംസിസി ഡയറക്ടര്‍
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിന്നാലെ ഇ.പി. ജയരാജനെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇഎംസിസി കമ്പനി ഡയറക്ടര്‍. വ്യവസായ മന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ച് നേരില്‍ കണ്ട് വിവരങ്ങള്‍ കൈമാറിയെന്നും മന്ത്രിസഭാ അംഗീകാരം ലഭിക്കുമോയെന്നറിയാന്‍ അപേക്ഷ നല്‍കിയെന്നും ഷിജു വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇഎംസിസി വ്യക്തമാക്കി.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യ പത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്‍കി ഫിറോസ് കുന്നുംപറമ്പില്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്‍കി സോഷ്യല്‍മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. മത്സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവരോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. തനിക്കെതിരെ വ്യക്തിഹത്യ ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു.
ഇന്ധനവില ഇന്നും കൂട്ടി; സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനവ്
ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 86 രൂപ 99 പൈസയും. ഈ മാസം മാത്രം പെട്രോളിന് 4 രൂപ 22 പൈസയാണ് കൂടിയത്. ഡീസലിന് 6 രൂപ 65 പൈസയും കൂടി.
സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ടൂള്‍ കിറ്റ് കേസ്; ദിഷ രവിയെ പിന്തുണച്ച് ഗ്രേറ്റ തുന്‍ബര്‍ഗ്
ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം: ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെന്ന് ആരോപിച്ച് ഇരുനൂറ് പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്ത് വിട്ടു. അറസ്റ്റ് നടപടിക്കായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ എത്തിയാല്‍ അവരെ ഉപരോധിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here