നിയമസഭാ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം. സ്ഥാനാര്‍ത്ഥിയാകാന്‍ അവകാശവാദവുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.
1996ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച് തോറ്റത് ഒഴിച്ചാല്‍ മുസ്ലിം ലീഗ് ഇതുവരെ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകാലത്തും വനിതാ പ്രാതിനിധ്യം ചര്‍ച്ചയാകുമെങ്കിലും നിരാശയാണ് ഫലം. ഇത്തവണ ഒരാളെ എങ്കിലും പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും ആരെ പരിഗണിക്കണമെന്നതില്‍ ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്.
Read Also : കൽപറ്റയിൽ മത്സരിക്കാൻ മുല്ലപ്പളളി രാമചന്ദ്രൻ തീരുമാനിച്ചതിൽ മുസ്ലിം ലീഗിൽ എതിർപ്പ്
വനിതാ ലീഗ് നേതാക്കളായ അഡ്വ.നൂര്‍ബിനാ റഷീദ്, അഡ്വ. പി കുല്‍സു, സുഹറ മമ്പാട്, എംഎസ്എഫ് ഹരിതാ നേതാവ് ഫാത്തിമ തെഹിലിയ എന്നിവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനും പരിഗണനയിലുണ്ട്. ഇത്തവണ അധികമായി ആവശ്യപ്പെട്ട സീറ്റുകളിലൊന്നായ തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ആലോചന. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പ്രവര്‍ത്തി പരിചയമാണ് സുഹറ മമ്പാടിന് അനുകൂല ഘടകം. സ്ഥാപക നേതാവായിട്ടും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നത് നൂര്‍ബിന റഷീദിനും സാധ്യത നല്‍കുന്നു.
എന്നാല്‍ എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റായ ഫാത്തിമ തഹ്‌ലിയ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. യുവ പ്രതിനിധി എന്നതും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ആകുമെന്നതുമാണ് തഹ്ലിയയെ നേതൃത്വം പരിഗണിക്കുന്നത്. തഹ്ലിയക്ക് അവസരം നല്കുന്നതിനെതിരെ പ്രതിഷേധവുമായി വനിതാ ലീഗ് തന്നെ രംഗത്തുണ്ട്. ഏറെ കാലമായി പ്രവര്‍ത്തിക്കുന്ന വനിതാ ലീഗിനെ തഴഞ്ഞ് വിദ്യാര്‍ത്ഥി വിഭാഗമായ ഹരിതയുടെ പ്രതിനിധിക്ക് അവസരം നല്‍കിയാല്‍ പരസ്യ പ്രതിഷേധമുണ്ടാകുമെന്നാണ് വനിതാ ലീഗിന്റെ നിലപാട്.
Story Highlights – assembly elections 2021, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here