‘പഴി പറയുന്നതിൽ കാര്യമില്ല, ഏത് പിച്ചിലും കളിക്കാൻ കഴിയണം’; പിച്ച് വിവാദത്തിൽ പ്രതികരിച്ച് ബെൻ സ്റ്റോക്സ്

പിച്ച് വിവാദത്തിൽ പ്രതികരിച്ച് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. പഴി പറയുന്നതിൽ കാര്യമില്ല എന്നും ഏത് പിച്ചിലും കളിക്കാൻ കഴിയണം എന്നും സ്റ്റോക്സ് പറഞ്ഞു. ഒരു ടെസ്റ്റ് ബാറ്റ്സ്മാൻ ആയിരിക്കുക എന്നാൽ എല്ലാ സാഹചര്യങ്ങളിലും കളിക്കാൻ കഴിയുക എന്നാണെന്നും സ്റ്റോക്സ് പ്രതികരിച്ചു. ഡെയിലി മെയിലിൽ എഴുതിയ തൻ്റെ കോളത്തിലാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറുടെ പ്രതികരണം.
“ഒരു ടെസ്റ്റ് ബാറ്റ്സ്മാൻ ആയിരിക്കുക എന്നാൽ, എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ അറിയണം. ഒരു വിദേശ ബാറ്റ്സ്മാന് വന്ന് വിജയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലമാണ് ഇന്ത്യ. ഇംഗ്ലണ്ടും അങ്ങനെ തന്നെയാണ്. അതൊക്കെ കളിയുടെ ഭാഗമാണ്. അത് ഞങ്ങൾ ഇഷ്ടപ്പെടുന്നു.”- സ്റ്റോക്സ് കുറിച്ചു.
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും പിച്ച് വിവാദത്തിൽ പ്രതികരിച്ചിരുന്നു. വിദേശ പിച്ചുകളിൽ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ തയ്യാറാക്കുമ്പോൾ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്താണ് ഇന്ത്യയിൽ സ്പിൻ പിച്ചുകൾ ഉണ്ടാക്കുന്നത് വിവാദമാക്കുന്നതെന്നും രോഹിത് ചോദിച്ചു.
ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം നേടിയതിനു പിന്നാലെയാണ് പിച്ചിനെതിരെ വിമർശനങ്ങൾ ഉയർന്നത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ പരസ്യമായി പിച്ചിനെതിരെ രംഗത്തെത്തിയിരുന്നു.
Story Highlights – Ben Stokes On Tough Indian Pitches