ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്: രമേശ് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തില്‍ കടലിനെ വില്‍ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭയില്‍ വച്ച് തീരുമാനിച്ച് ഉത്തരവിറക്കി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുറച്ച് ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല ഇതിന്റെ ഉത്തരവാദികള്‍. അവര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ ഇടപാട് നടത്താന്‍ സാധിക്കില്ല. യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും വ്യവസായ മന്ത്രി ഇ.പി. ജയരാജനും പ്രധാന പ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും അറിയമായിരുന്നു എന്നതാണ് സത്യം. വാസ്തവത്തില്‍ കേരളത്തിന്റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്തുകൊണ്ട് അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വളരെ ഗൗരവകരമാണ്. അടിമുടി ദുരൂഹതയാണ് പദ്ധതിക്ക് പിന്നിലുള്ളത്. അതിന്റെ എല്ല കാര്യങ്ങളും മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

കൊച്ചിയില്‍ അസെന്‍ഡ് വ്യവസായ നിക്ഷേപ സംഗമം നടന്നത് 2020 ജനുവരി ഒന്‍പത്, 10 തിയതികളിലാണ്. എന്നാല്‍ ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത് 28-02-2020 ല്‍ ആണ്. അതായത് അസെന്‍ഡ് കഴിഞ്ഞ് 48 ദിവസം കഴിഞ്ഞ് ധാരണാപത്രത്തില്‍ ഒപ്പിട്ടു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നതുപോലെ കൊട്ടക്കണക്കിന് പദ്ധതികള്‍ വരുകയും അത് കണ്ണുമടച്ച് ഒപ്പിടുകയുമല്ല ചെയ്തിരിക്കുന്നത്. ഇഎംസിസിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ ഉറപ്പിച്ച ശേഷമാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ ഈ ദുരൂഹമായ ഇടപാടുകള്‍ നിയമസഭയില്‍ നിന്ന് മറച്ചുവച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – deep sea fishing contract – Govt moves to escape – Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top