മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ച് ജോസഫ് വാഴയ്ക്കന്‍

മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്‍. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞതവണ അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നും ഇത്തവണ മൂവാറ്റുപുഴയില്‍ വിജയം ഉറപ്പാണെന്നും ജോസഫ് വാഴയ്ക്കന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

മുവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും മണ്ഡലത്തില്‍ നില ഉറപ്പിക്കാന്‍ തന്നെയാണ് കെപിസിസി വൈസ് പ്രസിഡന്റിന്റെ തീരുമാനം. കഴിഞ്ഞ തവണ പുതുമുഖമായ എല്‍ദോ ഏബ്രഹാമിനോട് 9375വോട്ടുകള്‍ക്കാണ് വാഴയ്ക്കന്‍ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ ഒരു മുഴം നീട്ടിയെറിയാനാണ് ജോസഫ് വാഴയ്ക്കന്റെ നീക്കം.

തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്കുറി മുവാറ്റുപുഴ കൈവിടില്ലന്ന വിശ്വാസവും ഉണ്ട്. വികസന മുരടിപ്പ് തന്നെയാണ് പ്രചാരണ ആയുധം. ഒപ്പം മുവാറ്റുപുഴ ജില്ലയെന്ന ആവശ്യവും ശക്തമാണ്.

മണ്ഡലത്തില്‍ എഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് മാറ നീക്കി പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍, റോയ് കെ. പൗലോസ് എന്നിവരുടെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ജോസഫ് വാഴയ്ക്കന് തന്നെയാണ് പ്രഥമ പരിഗണന.

Story Highlights – Joseph Vazhakkan- Muvattupuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top