മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി; നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും

മരടിലെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ലെന്ന് സുപ്രിംകോടതി. ഉടന്‍ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. ഇതില്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്.

ആറ് ആഴ്ചകള്‍ക്കുള്ളില്‍ നഷ്ടപരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കണം എന്നാണ് നിര്‍ദ്ദേശം. അങ്ങനെ ആണെങ്കില്‍ നഷ്ടപരിഹാര തുക നല്‍കാന്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കാം എന്ന് കോടതി വ്യക്തമാക്കി. 9.25 കോടി ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കണം. ഇതില്‍ ഇതുവരെ നല്‍കിയത് 2.89 കോടി രൂപ മാത്രമാണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ രണ്ട് കോടി രൂപയാണ് കൈമാറിയത്. ആല്‍ഫ സെറീന്‍ 17.5 കോടിയും ഹോളി ഫെയ്ത്ത് 19.25 കോടിയും നല്‍കണം. പക്ഷേ ഇതുവരെ ഒരു രൂപയും ഈ രണ്ട് നിര്‍മാതാക്കളും നല്‍കിയിട്ടില്ല.

പണം കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടും എന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാത്ത ചീഫ് സെക്രട്ടറിക്കെതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ അമിക്യസ് ക്യൂറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. മേജര്‍ രവി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

Story Highlights – Supreme Court – marad flat builders- compensation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top