സൗത്ത് ജോർജിയ ദ്വീപിൽ നിന്നും, സ്വർണ്ണ വർണ്ണ പെൻഗ്വിനെ കണ്ടെത്തി

തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ സൗത്ത് ജോർജിയ ദ്വീപിൽ നിന്നും പകർത്തിയ മനോഹരമായ പെൻഗ്വിന്റെ ചിത്രമാണ് രണ്ട് മൂന്ന് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ കൗതുകം ഉണർത്തുന്നത്. പെൻഗ്വിന് ഇപ്പൊ എന്താ ഇത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാൽ തീർച്ചയായും പ്രത്യേകതയുണ്ടെന്ന് പറയേണ്ടി വരും . കറുപ്പും വെളുപ്പും തൂവലുകളുള്ള സാധാരണ പെൻഗ്വിൻ അല്ല നമ്മുടെ താരം. സ്വര്ണ്ണ വർണ്ണമാണ് ഈ പെൻഗ്വിന്റെ നിറം. ബെൽജിയൻ വന്യജീവി ഫോട്ടോഗ്രാഫറായ വെസ് ആഡംസാണ് മനോഹരമായ ഈ സ്വർണ വർണ്ണമുള്ള പെൻഗ്വിന്റെ ചിത്രം പകർത്തിയത്.
ഈ സ്വർണ്ണ വർണ്ണ പെൻഗ്വിൻ കിങ് പെൻഗ്വിൻ എന്ന വിഭാഗത്തിൽ പെട്ടതാണ്. പലജീവി വർഗ്ഗങ്ങളിലും കണ്ടു വരുന്ന ആൽബിനോ എന്ന പ്രതിഭാസമാകാം മഞ്ഞ സുന്ദരൻ പെൻഗ്വിന്റെ മഞ്ഞ നിറത്തിനു പിന്നിലെന്നാണ് ആദ്യം ഫോട്ടോഗ്രാഫറായ ആഡംസ് വിചാരിച്ചത്. എന്നാൽ പിന്നീട് വിദഗ്ദ്ധരോടുള്ള ആശയ വിനിമയത്തിന് ശേഷം വ്യത്യസ്തമായ മറ്റൊരു അവസ്ഥയാണ് ഇതെന്ന് അറിഞ്ഞു. ”ല്യൂസിസം” എന്ന അവസ്ഥയാണിത്. ശരീരത്തിലെ പിഗ്മെന്റായ മെലാനിൻ വേണ്ട രീതിയിലും കുറഞ്ഞ അളവിലാകുന്നതാണ് ഇതിന് കാരണമാകുന്നത്. കാഴ്ചയിൽ കൗതുകം തോന്നുമെങ്കിലും മഞ്ഞ സുന്ദരൻ പെൻഗ്വിനു ഇതുമൂലം പ്രയാസങ്ങളെ ഉണ്ടാവുകയുള്ളു എന്നതാണ് സത്യം.

മെലാനിൻ കുറവ്, നിറത്തെ മാത്രമല്ല തൂവലുകളുടെ ശക്തിയെയും ബാധിക്കുന്നു. സ്വർണ്ണ പെൻഗ്വിന്റെ തൂവലുകൾ മറ്റുള്ളവയെ അപേക്ഷിച്ച് കട്ടി കുറഞ്ഞതും കരുത്തില്ലാത്തതുമാണ്. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ നീന്താൻ തൂവലുകൾ പ്രധാന പങ്കു വഹിക്കുന്നുണ്ട്. മറ്റുള്ള പെൻഗ്വിനെപ്പോലെ കാര്യക്ഷമയായി നീന്താൻ സ്വർണ്ണ പെൻഗ്വിനു സാധിക്കില്ല. കൂടാതെ ഇരപിടിക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടനുഭവപ്പെടുകയും വളരെപെട്ടന്നു ക്ഷീണിതനാകുകയും ചെയ്യുന്നു. കറുപ്പും വെളുപ്പും നിറമുള്ള രൂപം മീനുകളിൽ നിന്ന് പെൻഗ്വിനുകൾക്ക് മറവൊരുക്കുകയും വേട്ട സുഗമമാവുകയും ചെയ്യും. എന്നാൽ സ്വർണ്ണ വർണ്ണ പെൻഗ്വിന് ആ കഴിവില്ല. മീനുകൾ പെട്ടന്ന് തന്നെ സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നു. മൊത്തത്തിൽ കഷ്ടത നിറഞ്ഞ ജീവിതമാണ് സ്വർണ്ണ പെൻഗ്വിനുകൾ നയിക്കുന്നത്.

Story Highlights – wildlife photographer captured images of the rare penguin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here