ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ്; യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും

ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന ജെഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
അതേസമയം യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നേതൃയോഗത്തിൽ നിന്ന് ഇറങ്ങി പോയ ജെഎസ്എസ് വൈസ് പ്രസിഡന്റ് ബീനാകുമാരിയോട് നേതൃത്വം വിശദീകരണം തേടും.
ജെഎസ്എസിനെ എൽഡിഎഫിന്റെ ഘടക കക്ഷിയാക്കണമെന്ന് കാട്ടി കെ ആർ ഗൗരിയമ്മ നിരന്തരം കത്ത് നൽകിയിട്ടും ഇടത് മുന്നണി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് എൽഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജെഎസ്എസ് തീരുമാനിച്ചത്. കൂടാതെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാനാണ് തീരുമാനം. എന്നാൽ ഈ തീരുമാനത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച ജെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബീനാ കുമാരി യോഗത്തിൽ നിന്ന് ഇറങ്ങി പോയിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ പരസ്യ എതിർപ്പ് പ്രകടിപ്പിച്ച ബീനാകുമാരിക്കെതിരെ ഗുരുതര അച്ചടക്ക നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫുമായി സഹകരിക്കാനുള്ള തീരുമാനം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്യുമെന്ന് ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു പറഞ്ഞു.
അതേ സമയം ജെഎസ്എസുമായി യോജിച്ച് മുന്നോട്ട് പോകാനാണ് ആർഎസ്പി ബോൾഷെവിക് പാർട്ടിയുടെ തീരുമാനം. ഇരു പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ചാകും യു ഡി എഫ് നേതൃത്വവുമായി ചർച്ച നടത്തുക.
Story Highlights – jss leaves ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here