ഏറ്റുമാനൂരില്‍ അഡ്വ. കെ. സുരേഷ് കുറുപ്പോ, വി.എന്‍ വാസവനോ? സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകം

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് തുല്യ പരിഗണന ലഭ്യമായതോടെ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. സിറ്റിംഗ് എംഎല്‍എ അഡ്വ. കെ. സുരേഷ് കുറുപ്പ്, സിപിഐഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരില്‍ ആര്‍ക്ക് നറുക്കു വീണാലും, പ്രത്യേക ഇളവ് കൂടി ലഭ്യമായാലേ മത്സരിക്കാനാകൂ.

കോട്ടയം ജില്ലയിലെ സിപിഐഎമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ് ഏറ്റുമാനൂര്‍. തുടര്‍ച്ചയായി രണ്ട് തവണ മണ്ഡലം നിലനിര്‍ത്താന്‍ ആയതിന് പുറമെ ഇക്കുറി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എത്തിയത് കൂടി ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വിജയസാധ്യത നിലനില്‍ക്കെ നിലവിലെ എംഎല്‍എ കെ. സുരേഷ് കുറുപ്പിനെ വീണ്ടും മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ താത്പര്യം. എന്നാല്‍ തുടര്‍ച്ചയായി രണ്ടു വട്ടം മത്സരിച്ചത് കുറുപ്പിന് മുന്നില്‍ തടസമാകും.

ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്‍ ആണ് ഏറ്റുമാനൂരില്‍ പരിഗണിക്കപ്പെടുന്ന രണ്ടാമത്തെയാള്‍. വാസവന് പ്രതികൂലമാകുന്നത്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ നിയമസഭയില്‍ കളത്തില്‍ ഇറങ്ങേണ്ട എന്ന പാര്‍ട്ടി തീരുമാനം. ഉറപ്പുള്ള സീറ്റില്‍ പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ നിലവില്‍ ആലോചനകള്‍ ഇല്ല. പ്രത്യേക ഇളവുകള്‍ നല്‍കി സുരേഷ് കുറുപ്പിനെയോ, വി. എന്‍. വാസവനെയോ മത്സരിപ്പിച്ചേക്കും. ജില്ലാ സെക്രട്ടേറിയറ്റില്‍ തുല്യപരിഗണന ലഭിച്ചതോടെ, രണ്ട് പേരുകളും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്ക് വിട്ടു.

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ കോട്ടയം ജില്ലയില്‍ നിന്ന് സിപിഐഎം മന്ത്രി ഉണ്ടായേക്കും. ഏറ്റുമാനൂരിന് പുറമേ സിപിഐഎം മത്സരിക്കുന്ന പുതുപ്പള്ളിയും കോട്ടയവും യുഡിഎഫ് കോട്ടകളാണ്. ഈ സാഹചര്യത്തില്‍ വിജയ സാധ്യത കൂടുതലുള്ള ഏറ്റുമാനൂരില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്നതില്‍ പാര്‍ട്ടിയില്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. സംസ്ഥാന നേതൃത്വം ആരെ പിന്തുണയ്ക്കുമെന്നും, ആരെ ഒഴിവാക്കുമെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും.

Story Highlights – Adv. K. Suresh Kurup or VN Vasavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top