ബലാത്സംഗ കേസില്‍ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ സുപ്രിം കോടതി ചോദിച്ചുവെന്ന വാര്‍ത്ത തെറ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രിം കോടതി ചോദിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തല്‍. കേസ് രേഖകളുടെ ഭാഗമായ സത്യവാങ്മൂലത്തിലെ ചോദ്യത്തെ തെറ്റായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ സുപ്രിം കോടതിക്ക് കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇങ്ങനെ ഒരു നിര്‍ദേശവും മുന്നോട്ട് വച്ചിട്ടില്ലെന്നും പ്രചാരണം തെറ്റാണെന്നും സുപ്രിം കോടതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read Also : ഭർത്താവ് ക്രൂരനാണെങ്കിലും അവർ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകും?; സുപ്രിം കോടതി
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഉണ്ടായ കോടതി നടപടികളുമായി ബന്ധപ്പെട്ടായിരുന്നു പ്രചാരണം.
പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോടതി രേഖകളില്‍ ഇക്കാര്യം വ്യക്തമാണ്. കേസ് രേഖകളുടെ ഭാഗമായി നോട്ടറി സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം ചീഫ് ജസ്റ്റിസ് കണ്ടെത്തിയിരുന്നു. 2018 ജൂണില്‍ ഉണ്ടാക്കിയ ആ കരാറില്‍ 18 വയസ് കഴിയുമ്പോള്‍ പ്രതി സ്ഥാനത്തുള്ള മോഹിത് സുഭാഷ് പെണ്‍കുട്ടിയെ വിവാഹം ചെയ്യും എന്നായിരുന്നു ഉണ്ടായിരുന്നത്. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന പോലെ വിവാഹം നടന്നോ എന്നായിരുന്നു സുപ്രിംകോടതിയുടെ അന്വേഷണം.
ചീഫ് ജസ്റ്റിസിന്റെ ഈ ചോദ്യത്തിന് പ്രതിഭാഗം അഭിഭാഷകന്‍ ഇല്ല എന്ന് മറുപടി നല്‍കി. അങ്ങനെ ആണെങ്കില്‍ പ്രതി ജയിലില്‍ പോകണം എന്നതിന് തര്‍ക്കം ഉണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. ഇതിനെ ആണ് തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights – rape case, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here